ഗസ്സയില്‍ ആക്രമണം രൂക്ഷം; വെടിനിർത്തലിനു കൂട്ടാക്കാതെ ഇസ്രായേല്‍
ഹമാസിന് ലഭ്യമാകാത്ത തരത്തില്‍ ഗസ്സയിലേക്ക് ഇന്ധനവും സഹായവും എത്തിക്കാൻ നടപടിയെടുക്കുമെന്ന് യു.എസ്
ഗസ്സ/ദുബൈ: ഒരു മാസത്തിനിടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കടന്നിരിക്കെ, ഗസ്സയിൽ കരയുദ്ധം കൂടുതൽ വ്യാപ്തിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി ഇസ്രായേൽ സൈന്യം. വെടിനിർത്തൽ സാധ്യത തള്ളിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ മൂന്നാമത് പശ്ചിമേഷ്യൻ പര്യടനം അവസാനിപ്പിച്ച് മടങ്ങി. ഇസ്രായേൽ, ലബനാൻ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം കൂടുതൽ ശക്തമാണ്. അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ മാനുഷികദുരന്തം വിവരണാതീതമായിരിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറലും സന്നദ്ധ ഏജൻസികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടുതൽ തീക്ഷ്ണമായ യുദ്ധത്തിലേക്ക് കടക്കുകയാണെന്ന് ഇസ്രായേൽ. ഹമാസ് കേന്ദ്രങ്ങൾ പൂർണമായും വളഞ്ഞതായും കനത്ത ആക്രമണത്തിലൂടെ തുരങ്കങ്ങൾ തകർക്കുമെന്നും സൈന്യം. ഇന്നലെ രാത്രിയും വ്യാപക വ്യോമ, കര, നാവികാക്രമണങ്ങളാണ് നടന്നത്. വിപുലമായ കരയുദ്ധത്തിന് ഇസ്രായേൽ പ്രതിരോധ മന്ത്രി അനുമതിയും നൽകി.
എന്നാൽ, ഇസ്രായേലിന്‍റെ 27 ടാങ്കുകളും മറ്റു വാഹനങ്ങളും തകർത്തതായി ഹമാസ്. ജനങ്ങളെ ഗസ്സയിൽ നിന്ന് തുരത്തുകയാണ് ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളുടെ ലക്ഷ്യം. ഫലസ്തീൻ ജനതയെ പുറന്തള്ളാൻ ഭൂമുഖത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. അൽ ശിഫ ഉൾപ്പെടെ ആശുപത്രികൾക്കും മാനസികാരോഗ്യ കേന്ദ്രത്തിനു മുകളിൽ ഇസ്രായേൽ ബോംബിട്ടു. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു.
യുദ്ധം തുടരുന്നതിനാൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും സംവിധാനമില്ല. പിന്നിട്ട നാലു ദിവസങ്ങളായി പരിക്കേറ്റവരെ റഫ വഴി ഈജിപ്തിലേക്ക് കൊണ്ടുപോകാനും ഇസ്രായേലിന്‍റെ അനുമതിയില്ല. ഗസ്സയിലേക്ക് കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാൻ പരിശ്രമം തുടരുന്നതായി തുർക്കി വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. ഹമാസിന്‍റെ പക്കൽ എത്താത്തവിധം ഇന്ധനം ഗസ്സക്ക് കൈമാറാൻ നടപടി സ്വീകരിക്കുമെന്ന് വൈറ്റ്ഹൗസ്.
സഹായം എത്തിക്കാൻ താൽക്കാലിക വെടിനിർത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്നും അമേരിക്ക അറിയിച്ചു. യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഇന്നലെ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ഗസ്സയിൽ സമ്പൂർണ സൗകര്യങ്ങളോടെ ഫീൽഡ് ആശുപത്രി ഒരുക്കുമെന്ന് യു.എ.ഇ അറിയിച്ചു.
ലബനാൻ അതിർത്തിയിലും ആക്രമണം രൂക്ഷമാണ്. മുപ്പത് മിസൈലുകളും നിരവധി ഷെല്ലുകളുമാണ് ഹിസ്ബുല്ല ഇസ്രായേലിനു നേർക്ക് അയച്ചത്. ശക്തമായ പ്രത്യാക്രമണവുമായി ഇസ്രായേലും രംഗത്തുണ്ട്. സംഘർഷം പടരുകയാണെന്നും അടിയന്തര വെടിനിർത്തൽ അനിവാര്യമെന്നും ചൈന പറഞ്ഞു. പശ്ചിമേഷ്യയിൽ മൂന്നാഴ്ചക്കിടെ 38 ആക്രമണങ്ങൾ യു.എസ് സേനക്കെതിരെ ഉണ്ടായെന്ന് പെന്‍റഗണ്‍ പറയുന്നു. ലോകത്തുടനീളം ഇന്നലെയും വൻ യുദ്ധവിരുദ്ധ റാലികൾ അരങ്ങേറി.
Summary: Attacks intensify in Gaza as Israel is not ready for a ceasefire