വാക്സിനെടുത്താൽ 40,000ത്തിന്റെ ഗിഫ്റ്റ് വൗച്ചർ; 'വാക്‌സിൻ ലോട്ടറി' അവതരിപ്പിച്ച് ആസ്ട്രിയ

പ്രായപൂർത്തിയായവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കുന്ന പുതിയ ബിൽ ഇന്ന് ആസ്ട്രിയൻ ദേശീയ കൗൺസിലിൽ അവതരിപ്പിക്കാനിരിക്കുകയാണ്. ഇതിന് അംഗീകാരം ലഭിച്ചാൽ വാക്‌സിനേഷൻ നിർബന്ധമാക്കുന്ന ആദ്യ യൂറോപ്യൻ യൂനിയൻ രാജ്യമാകും ആസ്ട്രിയ

Update: 2022-01-20 11:53 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പുതിയ അടവുമായി ആസ്ട്രിയ. വാക്‌സിനെടുക്കുന്നവർക്കായി പുതിയ ലോട്ടറി അവതരിപ്പിച്ചാണ് ആസ്ട്രിയൻ ഭരണകൂടത്തിന്റെ പുതിയ വിദ്യ. കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും ആളുകൾ വാക്‌സിനെടുക്കാൻ മടിക്കുന്നത് വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

വാക്‌സിനെടുക്കുന്നവർക്കെല്ലാം ലോട്ടറി വിതരണം ചെയ്യും. ഒരു ഡോസിന് ഒരു ലോട്ടറി ലഭിക്കും. മൂന്ന് ഡോസെടുത്താൽ മൂന്ന് ലോട്ടറിയും. ഓരോ പത്താമത്തെ ടിക്കറ്റിനും 500 യൂറോ(ഏകദേശം 42,232 രൂപ)യുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. മുന്‍പ് വാക്സിനെടുത്തവര്‍ക്കും ലോട്ടറി ലഭിക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നത്.

വാക്‌സിനേഷൻ നിർബന്ധമാക്കാനും ആസ്ട്രിയൻ ഭരണകൂടത്തിന്റെ നീക്കമുണ്ട്. പ്രായപൂർത്തിയായവർക്ക് വാക്‌സിനേഷൻ നിർബന്ധമാക്കുന്ന പുതിയ ബിൽ ഇന്ന് ദേശീയ കൗൺസിലിൽ അവതരിപ്പിക്കും. വാക്‌സിനെടുക്കാത്തവർക്ക് 600 യൂറോയാണ് പിഴ ചുമത്തുക. ബില്ലിന് പാർലമെന്റിന്റെ ഇരുസഭയുടെയും അംഗീകാരം ലഭിച്ചാൽ വാക്‌സിനേഷൻ നിർബന്ധമാക്കുന്ന ആദ്യ യൂറോപ്യൻ യൂനിയൻ രാജ്യമാകും ആസ്ട്രിയ.

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വാക്‌സിനേഷൻ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാണ് ആസ്ട്രിയ. 72 ശതമാനത്തിനടുത്ത് ആളുകൾ മാത്രമാണ് ഇതുവരെ രാജ്യത്ത് വാക്‌സിനെടുത്തിട്ടുള്ളത്. ഒമിക്രോൺ വ്യാപനവും ശക്തമാകുന്ന രാജ്യത്ത് വാക്‌സിനേഷൻ മാത്രമാണ് സർക്കാർ മുന്നിൽ കാണുന്ന ഒരേയൊരു പ്രതിരോധവഴി. ദേശീയ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Summary: Austria's conservative-led government said on Thursday it was introducing a national lottery to encourage holdouts to get vaccinated against the coronavirus

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News