യുഎസ് മ്യൂസിയത്തിലെ ഉണ്ണിയേശു പ്രതിമയുടെ മുഖം സക്കർബർഗിന്റേത് പോലെ; സ്വഭാവം ക്രിസ്തുവിനെ പോലല്ലെന്ന് ട്രോൾ
ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചിരിക്കുന്ന മാതാവ് മറിയമിന്റെ ശിൽപമാണ് വിവാദക്കൂട്ടിലായിരിക്കുന്നത്.
യുഎസിലെ മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന ഉണ്ണിയേശുവിന്റെ പ്രതിമ വിവാദത്തിൽ. പ്രതിമയുടെ മുഖത്തിന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ മുഖത്തോട് സാദൃശ്യമുണ്ടെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ലോസ് ആഞ്ചലസ് കൗണ്ടി ആർട്ട് മ്യൂസിയത്തിലാണ് ഈ ശിൽപമുള്ളത്.
ഉണ്ണിയേശുവിനെ കൈകളിൽ പിടിച്ചിരിക്കുന്ന മാതാവ് മറിയമിന്റെ ശിൽപമാണ് വിവാദക്കൂട്ടിലായിരിക്കുന്നത്. സംഗതി സോഷ്യൽമീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി പ്രമുഖരടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇവരിൽ മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുമുണ്ട്.
"ലോസ് ആഞ്ചലസ് കൗണ്ടി ആർട്ട് മ്യൂസിയത്തിലെ ഈ ഉണ്ണിയേശുവിന്റെ ശിൽപം മാർക്ക് സക്കർബർഗിനെപ്പോലെയാണ്"- എന്ന തലക്കെട്ടോടെ ഒരു ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച ചിത്രം ഡോർസി തന്റെ ട്വിറ്റർ അക്കൗണ്ടിൽ "മെറ്റ" എന്ന അടിക്കുറിപ്പോടെ റീ ട്വീറ്റ് ചെയ്തു.
"ഉണ്ണിയേശുവിന്റെ ശിൽപം സക്കർബർഗിനെ പോലെയായിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ സ്വഭാവം തീർച്ചയായും ക്രിസ്തുവിനെപ്പോലെയല്ല. കാരണം അദ്ദേഹം സ്വയം സമ്പന്നനാകാൻ ആളുകളുടെ ഡാറ്റ വിൽക്കുന്നു"- എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
എന്നാൽ മറ്റു ചിലർ വിഷയത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. "കലയുടെ പേരിൽ ഇത്തരമൊന്ന് കാണുന്നതിൽ വിഷമമുണ്ട്. ഉണ്ണിയേശുവിനെ കളിയാക്കുന്നത് കാണുന്നത് അപമാനകരമാണ്. ചില പരിധികൾ ലംഘിക്കാൻ പാടില്ല. ഓൺലൈനിൽ നഗ്നനായ ഒരു കുഞ്ഞിന്റെ ചിത്രം പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്, എന്നാൽ നഗ്നമായ ശിൽപം ശരിയാണെന്നാണോ?- ഒരു ഉപയോക്താവ് എഴുതി.
പോളിക്രോം മരം കൊണ്ടാണ് ശിൽപം നിർമിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ വർഷം ആദ്യമാണ് എൽഎ ആർട്ട് മ്യൂസിയം ഈ പ്രതിമ സ്വന്തമാക്കിയത്.