ഒരാഴ്ച കൊണ്ട് 90 ശതമാനം പൗരന്മാര്‍ക്കും ​വാക്‌സിൻ നൽകി; കോവിഡ് പ്രതിരോധത്തിൽ റെക്കോർഡിട്ട് ഭൂട്ടാന്‍

കോവിഡ് മഹാമാരിക്കിടയിൽ ഏറ്റവും വേഗത്തില്‍ വാക്‌സിനേഷൻ പൂര്‍ത്തിയാക്കിയ രാജ്യമായിരിക്കുകയാണ് ഭൂട്ടാനെന്ന് യൂനിസെഫ് പ്രതിനിധി വിൽ പാർക്‌സ് പ്രതികരിച്ചു

Update: 2021-07-30 14:44 GMT
Editor : Shaheer | By : Web Desk
Advertising

ഒരാഴ്ചയ്ക്കുള്ളിൽ 90 ശതമാനം പൗരന്മാരുടെയും കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി ഭൂട്ടാൻ. കഴിഞ്ഞ ഏഴു ദിവസം കൊണ്ടാണ് ഭൂരിഭാഗം പൗരന്മാർക്കും വാക്‌സിൻ നൽകി ഭൂട്ടാൻ റെക്കോര്‍ഡിട്ടത്.

എട്ടു ലക്ഷമാണ് ഭൂട്ടാനിലെ ജനസംഖ്യ. ഇതിൽ കോവിഡ് വാക്സിന് അര്‍ഹരായ 4,54,000 പൗരന്മാര്‍ക്കാണ് ഇതിനകം ഭൂട്ടാൻ അധികൃതർ വാക്‌സിനേഷൻ പൂർത്തിയാക്കിയത്. ഭൂട്ടാന്റെ കൂട്ട വാക്‌സിനേഷൻ പരിപാടിയെ യൂനിസെഫ് പ്രതിനിധി വിൽ പാർക്‌സ് അഭിനന്ദിച്ചു. വാക്‌സിനെടുക്കാൻ മടിക്കുന്നവർ കൂടുതലുള്ള ഏഷ്യയിൽ പ്രതീക്ഷ പകരുന്ന വിളക്കാണ് ഭൂട്ടാനെന്ന് വിൽ പാർക്‌സ് പ്രതികരിച്ചു.

കോവിഡ് മഹാമാരിക്കിടയിൽ ഒരു രാജ്യത്ത് നടക്കുന്ന ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷൻ കാംപയിനാണ് ഭൂട്ടാനിൽ നടന്നതെന്നാണ് വിൽ പറയുന്നത്. ഭൂട്ടാന് ആവശ്യമുള്ള 5,50,000 ഡോസ് വാക്‌സിൻ നൽകാമെന്ന് നേരത്തെ ഇന്ത്യ അറിയിച്ചിരുന്നു. ആസ്ട്രാ സെനെക്ക വാക്‌സിന്റെ ആദ്യഘട്ടം ഇന്ത്യ അയക്കുകയും ചെയ്തു. ഇതോടെ കഴിഞ്ഞ ഏപ്രിലിൽ ഭൂട്ടാൻ അധികൃതർ വാക്‌സിനേഷൻ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നതാണ്.

എന്നാൽ, ഇന്ത്യയിലെ സ്ഥിതിഗതികൾ പിടിവിട്ടതോടെ ആസ്ട്ര സെനെക്ക വാക്‌സിൻ കയറ്റുമതി നിർത്തിവച്ചു. ഇതോടെ ഭൂട്ടാന്റെ വാക്‌സിനേഷൻ പരിപാടികൾ പ്രതിസന്ധിയിലുമായി. പിന്നീട് അമേരിക്ക മൊഡേണ വാക്‌സിൻ എത്തിച്ചുനൽകിയതോടെയാണ് കഴിഞ്ഞയാഴ്ച വീണ്ടും വാക്‌സിനേഷൻ പരിപാടികൾ ആരംഭിച്ചത്. അങ്ങനെ വെറും ഏഴു ദിവസം കൊണ്ട് രാജ്യത്തെ ഭൂരിഭാഗം പേരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനുമായി ഭൂട്ടാൻ ഭരണകൂടത്തിന്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News