ഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദേശം ചർച്ച ചെയ്യുന്നതായി ഇസ്രായേൽ

യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട്​ ആവർത്തിച്ച്​ ഹമാസ്​

Update: 2023-12-29 01:02 GMT
Editor : Jaisy Thomas | By : Web Desk

നെതന്യാഹു

Advertising

തെല്‍ അവിവ്: ഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദേശം ചർച്ച ചെയ്യുന്നതായി ഇസ്രായേൽ. യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട്​ ആവർത്തിച്ച്​ ഹമാസ്​. യുദ്ധത്തിന്‍റെ അടുത്ത ഘട്ടം സംബന്ധിച്ച്​ ഇസ്രായേൽ പ്രതിരോധ മന്ത്രിയുമായി യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്ഡ്​ ഓസ്റ്റിൻ ചർച്ച നടത്തി. ആക്രമണത്തിൽ ഇന്നലെയും ഇരുനൂറോളം പേർ കൊല്ലപ്പെട്ടു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ജറൂസലമിൻ വൻ പ്രതിഷേധമുണ്ടായി. ഇസ്രായേലിനെ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും ഇറാൻ രംഗത്തെത്തി.

ബന്ദിമോചനവുമായി ബന്​ധ​പ്പെട്ട്​ പുതിയ ചർച്ച നടക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവാണ്​ ബന്​ധുക്കളെ അറിയിച്ചത്​. എന്നാൽ ഇതി​ന്‍റെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് നെതന്യാഹു. ഖത്തർ സമർപ്പിച്ച നിർദേശം രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ചർച്ച ചെയ്​തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നേരത്തെയുള്ള നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന്​ ഹമാസ്​ നേതാക്കൾ പ്രതികരിച്ചു. ആക്രമണം പൂർണമായി നിർത്താതെ ബന്ദികൈമാറ്റം ഉണ്ടാകില്ലെന്ന്​ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു.

മധ്യസ്​ഥ രാജ്യമെന്ന നിലക്ക്​ ബന്ദിമോചനവുമായി ബന്​ധപ്പെട്ട്​ ഖത്തർ നിർണായക റോളാണ്​ നിർവഹിക്കുന്നതെന്ന്​ യു.എസ്​ പ്രത്യേക ദൂതൻ റോജർ കാർസ്​റ്റൻസ് അറിയിച്ചു​. പ്രതികരിച്ചു. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രതിഷേധം വ്യാപകമായതോടെ നെതന്യാഹു കൂടുതൽ സമ്മർദത്തിലായി. മൂന്ന്​ ബന്ദികളെ വെടിവെച്ചു കൊല്ലാനിടയായത്​ ഗുരുതര വീഴ്​ചയാണെന്ന്​ സമ്മതിക്കുന്ന ഇസ്രായേൽ സൈനിക റിപ്പോർട്ടും പുറത്തുവന്നു. കടുത്ത മാനസിക സമ്മർദമാണ്​ വെടിവെപ്പിനു പിന്നിലെന്ന സൈനികവാദം പക്ഷെ, ജനങ്ങൾ തള്ളുകയാണ്. ഇസ്രായേലിന്‍റെ മൂന്ന്​ ഹെലികോപ്​ടറുകൾക്കു നേരെ ആക്രമണം നടത്തിയതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു​. മൂന്ന്​ സൈനികർ ഇന്നലെ കൊല്ലപ്പെട്ടതായും 49 പേർക്ക്​ പരിക്കേറ്റതായും സൈന്യം സ്​ഥിരീകരിച്ചു . ഹമാസിൽ നിന്ന്​ ഇസ്രായേലിന്‍റെ സുരക്ഷക്ക്​ ഭീഷണി ഉയരാത്ത സാഹചര്യം ഉണ്ടാകണമെന്ന്​ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ ഇസ്രായേലിനെ അറിയിച്ചതായി പെന്‍റഗണ്‍ വ്യക്തമാക്കി.

അതിനിടെ, വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണം രൂക്ഷമായി. മഗാസി ഉൾപ്പെടെ അഭയാർഥി ക്യാമ്പുകൾക്ക്​ നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. വെസ്​റ്റ്​ ബാങ്കിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്​. ഗസ്സയിൽ മരണം 21.320 ആയി. പരിക്കേറ്റവരുടെ എണ്ണം 55.603ൽ എത്തി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വടക്കൻ ഗസ്സയിൽ ആയിരങ്ങൾ നരകിക്കുകയാണ്​.

തെൽ അവീവിൽ രാത്രി നൂറുകണക്കിനാളുകൾ പ​ങ്കെടുത്ത യുദ്ധവിരുദ്ധ റാലി നടന്നു. വെടിനിർത്തൽ പ്രഖ്യാപനം വൈകരുതെന്ന്​ റാലിയിൽ പ​ങ്കെടുത്തവർ ആവശ്യപ്പെട്ടു. സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നൽകി ഇറാൻ. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News