ഷീ ജിങ്പിങ്ങുമായി ജോ ബൈഡൻ ചർച്ചക്കൊരുങ്ങുന്നു; തായ്‌വാനും ചൈനയുടെ റഷ്യൻ ബന്ധവും മുഖ്യവിഷയം
ഷീ ജിങ്പിങ്ങുമായി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.
വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങുമായി ചർച്ചക്ക് തയ്യാറെടുക്കുന്നു. തായ്‌വാന്റെ സ്വയംഭരണം, വ്യാപാരനയം, ചൈനയുടെ റഷ്യയോടുള്ള സമീപനം തുടങ്ങിയ കാര്യങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തുമെന്നാണ് കരുതുന്നത്.
കൂടിക്കാഴ്ച എവിടെ നടക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയിൽ ബൈഡനും ഷീ ജിങ്പിങ്ങും ഒരുമിച്ച് എത്തുന്നുണ്ട്. ഉച്ചകോടിക്കിടെ ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ചക്ക് അവസരമൊരുക്കാൻ ചർച്ച നടക്കുന്നുണ്ടെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ നൽകുന്ന വിവരം.
ഷീ ജിങ്പിങ്ങുമായി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ താത്പര്യങ്ങൾ പരസ്പരം മനസിലാക്കുകയാണ് കൂടിക്കാഴ്ചകൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന സൂചനയും ബൈഡൻ നൽകിയിട്ടുണ്ട്. തായ്‌വാൻ വിഷയത്തിൽ യു.എസ് നിലപാടിനെതിരെ ഷീ രംഗത്തെത്തിയിരുന്നു.
തായ്‌വാൻ വിഷയത്തിൽ യു.എസ് നിലപാടിനെതിരെ ഷീ രംഗത്തെത്തിയിരുന്നു. തായ്‌വാൻ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നാണ് ചൈനീസ് നിലപാട്. എന്നാൽ തായ്‌വാന്റെ സ്വയംഭരണാവകാശത്തിന് പിന്തുണകൊടുക്കുന്ന നിലപാടാണ് യു.എസ് സ്വീകരിച്ചത്. യു.എസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ നാൻസി പെലോസി ആഗസ്റ്റിൽ തായ്‌വാൻ സന്ദർശിച്ചതോടെയാണ് ചൈന തായ്‌വാൻ വിഷയത്തിൽ നിലപാട് കടുപ്പിച്ചത്.