'ഒമിക്രോൺ വ്യാപനം അതിവേഗം, മഹാമാരിയുടെ ഏറ്റവും മോശം ഘട്ടമാകാം'; മുന്നറിയിപ്പുമായി ബിൽ ഗേറ്റ്‌സ്

ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. അധികം വൈകാതെ തന്നെ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമെത്തുമെന്ന് ബില്‍ ഗേറ്റ്സ് ട്വിറ്ററില്‍ കുറിച്ചു.

Update: 2022-09-07 07:09 GMT
Advertising

ലോകമെമ്പാടും ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതവേണമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകത്തെ അതിസമ്പന്നരിലൊരാളുമായ ബില്‍ ഗേറ്റ്സ്. ട്വീറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് ബില്‍ ഗേറ്റ്സ് വൈറസിന്‍റെ പുതിയ വകഭേദം സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചത്. 

ചരിത്രത്തിലെ ഏതൊരു വൈറസിനേക്കാളും വേഗത്തിലാണ് കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം പടരുന്നത്. അധികം വൈകാതെ തന്നെ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലുമെത്തുമെന്ന് ബില്‍ ഗേറ്റ്സ് ട്വിറ്ററില്‍ കുറിച്ചു. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചു. കോവിഡിന്റെ ഏറ്റവും മോശം കാലഘട്ടത്തിലേക്കാകാം നാം കടക്കുന്നതെന്ന വസ്തുത മനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 



മാസ്‌ക് ധരിക്കുന്നതിന്‍റെയും വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതിന്‍റെയും വാക്‌സിനെടുക്കുന്നതിന്‍റെയുമൊക്കെ ആവശ്യകതയും അദ്ദേഹം ട്വീറ്റുകളിലൂടെ വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് നല്ലതാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദം സംബന്ധിച്ച പരിമിതമായ അറിവുകള്‍ മാത്രമേ നിലവിലുള്ളൂ. അതിനാല്‍ വളരെ ഗൗരവത്തോടെ അതിനെ സമീപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 




തന്‍റെ അവധിക്കാല പദ്ധതികളില്‍ മിക്കതും ഒഴിവാക്കിയതായും ബില്‍ ഗേറ്റ്സ് അറിയിച്ചു. ജാഗ്രതയോടെ മുന്നോട്ടുപോയാല്‍ മഹാമാരിക്ക് അവസാനമുണ്ടാകുമെന്നും പ്രതിസന്ധിഘട്ടം കടന്നുപോകുമെന്നുമുള്ള ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. അമേരിക്കയില്‍ ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകള്‍ മൂന്നില്‍ നിന്ന് 73 ശതമാനമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ബില്‍ ഗേറ്റ്സ് മുന്നറിയിപ്പുമായെത്തിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News