മരണമുനമ്പിലെ 'ആത്മഹത്യാ കുടിലുകൾ'; 'പച്ചമാമ'യ്ക്ക് അർച്ചനയും പ്രാർഥനയുമായി കഴിയുന്ന അയ്മാറാ മന്ത്രവാദികള്‍
ബൊളീവിയയിലെ പർവത നഗരമായ എൽ ആൾട്ടോയിൽ തകര ഷെഡുകൾ കൊണ്ടു കെട്ടിയുണ്ടാക്കിയ കുടിലുകളിൽ അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു പ്രാര്‍ഥനകളുമായി കഴിയുകയാണ് അയ്‍മാറാ മന്ത്രവാദികള്‍
ലാ പാസ്: വെള്ള, നീല, മഞ്ഞ, പച്ച, ചുവപ്പ്.. നിരനിരയായുള്ള ആ വർണക്കാഴ്ചകളിൽ ഒരു നിമിഷം ആരുടെയും കണ്ണുടക്കും. ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിലെ പർവത നഗരമായ എൽ ആൾട്ടോയിൽ തകര ഷെഡുകൾ കൊണ്ടു കെട്ടിയുണ്ടാക്കിയ കുടിലുകളുടെ ആകാശക്കാഴ്ചയാണത്. മനോഹരമായ ആ കാഴ്ചയ്ക്കു തൊട്ടുപിന്നിൽ വലിയൊരു ദുരന്തം വാ പിളർന്നുനിൽക്കുന്നുണ്ട്! മഴയും മണ്ണിടിച്ചിലുമായി ഇടിഞ്ഞിടിഞ്ഞുകൊണ്ടിരിക്കുന്ന ആ മരണമുനമ്പിൽ ജീവൻ പണയം വച്ചും കഴിയുന്ന ഒരു സമൂഹമുണ്ട്. അധികൃതരുടെ നിരന്തര മുന്നറിയിപ്പുകൾക്കിടയിലും അവിടെനിന്ന് ഒരടി എങ്ങോട്ടും മാറാനില്ലെന്ന ഉറച്ച നിലപാടിലാണവർ.
അയ്മാറാ മന്ത്രവാദികള്‍ എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രത്യേക സംഘമാണ് 'ആത്മഹത്യാ കുടിലുകൾ' എന്നു വിളിക്കപ്പെടുന്ന ആ കൂരകളിൽ കഴിയുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുള്ള അമേരിന്ത്യൻ ജനവിഭാഗമാണ് അയ്മാറാകൾ. പെറുവിലും ബൊളീവിയയിലും ചിലിയിലും അർജന്റീനയിലുമായി 23 ലക്ഷത്തോളം വരും ഇവർ. 'പച്ചമാമാ' എന്നു വിളിച്ച് 'ഭൂമിമാതാവി'നെ ആരാധിക്കുന്നവർ. അയ്മാറാ തന്നെയാണ് ഇവരുടെ സംസാരഭാഷ. ഇക്കൂട്ടർക്കിടയിൽ ആത്മീയ ചികിത്സയ്ക്കും 'പച്ചമാമ'യ്ക്കുള്ള നൈവേദ്യ പ്രാർഥനയ്ക്കുമെല്ലാം നേതൃത്വം നൽകുന്ന വിഭാഗമാണ് 'യാത്തിരി'കൾ എന്ന പേരിലും അറിയപ്പെടുന്ന അയ്മാറാ മന്ത്രവാദികള്‍.
എൽ ആൾട്ടോയിലെ 200 അടിയോളം താഴ്ചയുള്ള ആ മലഞ്ചെരുവ് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണുള്ളത്. അവിടെ കുടികെട്ടി പാർക്കുന്ന മന്ത്രവാദികളോട് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് നഗര ഭരണകൂടം പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ, 'ആത്മഹത്യാ കുടിലുകൾ' വിട്ട് എങ്ങോട്ടുമില്ലെന്ന് ഉറച്ചാണ് അയ്മാറാ ഷാമനുകൾ.
ഓരോ നിമിഷവും കാൽക്കീഴിലെ മണ്ണിടിഞ്ഞിഞ്ഞ് ജീവൻ അപകടക്കയത്തിനു തൊട്ടരികിൽ നിൽക്കുമ്പോഴും ആ കുടിലുകൾക്കകത്ത് 'പച്ചമാമ'യ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാർഥനയിൽ വ്യാപൃതരാണ് മന്ത്രവാദികള്‍. അയ്മാറാകളുടെ രോഗങ്ങൾക്കും കുടുംബ പ്രശ്‌നങ്ങൾക്കും ജീവിത പ്രയാസങ്ങൾക്കുമെല്ലാം പ്രതിവിധി കണ്ടെത്താനുള്ള കർമങ്ങളിൽ നിരതരാണവർ.
ഭരണകൂടം നിരന്തരം മുന്നറിയിപ്പുമായി പടിവാതിൽക്കൽ എത്തുമ്പോഴും, പച്ചമാമ തങ്ങളെ സംരക്ഷിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ അവരെ തിരിച്ചയയ്ക്കുകയാണ് അയ്മാറാകള്‍. പ്രാർഥനാ കർമങ്ങളിലൂടെ ഭൂമിയെ തങ്ങൾ തന്നെ പരിപാലിച്ചോളാമെന്ന അവകാശവാദവും അവർക്കുണ്ട്. ഈ പർവതങ്ങളുടെയും താഴ്‌വാരങ്ങളുടെയും ആത്മാവിന്റെ സംരക്ഷകരാണു തങ്ങളെന്നും അവർ പറയുന്നു.
'ഞങ്ങൾ ഇവിടം വിട്ട് എങ്ങോട്ടുമില്ല. ഇത് ഞങ്ങളുടെ തൊഴിലിടമാണ്. ഈ മണ്ണിനെ ഞങ്ങൾ പരിപാലിച്ചുകൊള്ളാം. മഴവെള്ളം മറ്റിടങ്ങളിലേക്കു വഴിതിരിച്ചുവിട്ട് ഇവിടം സുരക്ഷിതമാക്കും.'-ഒരു ഷാമൻ ചികിത്സകനായ മാന്വൽ മാമനി പറയുന്നു.
'ഞങ്ങൾ പ്രാർഥനാ ചടങ്ങുകൾ നടത്തും. പച്ചമാമയ്ക്ക് നൈവേദ്യങ്ങൾ ആവശ്യമുണ്ട്. അതിന് അന്നം പോലെയാണ് ഇതെല്ലാം. അതുകൊണ്ട് ഭൂമി എങ്ങോട്ടും മാറിപ്പോകില്ല. ഇവിടെത്തന്നെ ഉറച്ചുനിൽക്കും'-ഇങ്ങനെ പറഞ്ഞുവയ്ക്കമ്പോൾ മറ്റൊരു മന്ത്രിവാദിയായ ഗബ്രിയേൽ ലോപസ് ഷിവയുടെ മുഖത്ത് ആത്മവിശ്വാസം സ്ഫുരിക്കുന്നുണ്ടായിരുന്നു.
കാലാവസ്ഥാ മാറ്റങ്ങളാണ് എൽ ആൾട്ടോയെ അപകടമുനമ്പിലെത്തിച്ചത്. കനത്ത മഴയിൽ മലഞ്ചെരുവ് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ കെട്ടിടങ്ങളും വീടുകളുമെല്ലാം അപായഭീഷണി നേരിടുകയാണ്. ഇവിടെനിന്ന് ജനങ്ങളെ മുഴുവൻ ഒഴിപ്പിക്കുമെന്ന് എൽ ആൾട്ടോ നഗരസഭാ കാര്യാലയത്തിലെ ജല-ശുചിത്വ-പരിസ്ഥിതി സെക്രട്ടറി ഗബ്രിയേൽ പാരി വ്യക്തമാക്കിയിട്ടുണ്ട്. ഒഴിയാൻ കൂട്ടാക്കിയില്ലെങ്കിൽ ബലപ്രയോഗത്തിലൂടെ മാറ്റേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ബൊളീവിയയുടെ രാഷ്ട്രീയ തലസ്ഥാനമായ ലാ പാസും എൽ ആൾട്ടോയുമെല്ലാം പർവതമേഖലയാണ്. ആന്തിസ് പർവതനിരയുടെ ഭാഗമാണു രണ്ടു പ്രദേശങ്ങളും. ചെങ്കുത്തായ പ്രദേശങ്ങളാണ് ഇവിടെയുള്ളത്. 'ഡെത്ത് റോഡ്'(മരണപാത) എന്ന പേരിൽ കുപ്രസിദ്ധമായ റോഡും സ്ഥിതി ചെയ്യുന്നത് ഇവിടെത്തന്നെ. ലാ പാസിനും ആന്തിസ് പർവതനിരയിലുള്ള മറ്റൊരു പ്രദേശമായ യുംഗാസിനും ഇടയിലാണ് ഈ അപകടപാതയുള്ളത്. അതിസാഹസികമാണ് ഇതുവഴിയുള്ള സഞ്ചാരം. ചെറിയൊരു അശ്രദ്ധ മതി വലിയൊരു ദുരന്തത്തിന്. കാലൊന്ന് തെന്നിയാൽ താഴെയുടെ ഭീമൻ കൊക്കയുടെ ആഴങ്ങളിലായിരിക്കും പതിക്കുക. റോഡ് മാർഗമുള്ള ഗതാഗതം ദുഷ്‌ക്കരമായതുകൊണ്ടുതന്നെ കേബിൾ കാറുകളെയാണ് ഇവിടത്തുകാർ പുറംലോകവുമായി ബന്ധപ്പെടാൻ പ്രധാനമായും ആശ്രയിക്കുന്നത്.
Summary: Bolivia's Aymara shamans refuse to leave 'suicide homes' on deadly cliff edge in highland city of El Alto