വ്യോമസേനാ വിമാനം പറത്തി ബോറിസ് ജോൺസൺ; വീഡിയോ
രാജിവെച്ചൊഴിയുന്ന പ്രധാനമന്ത്രിയുടെ ഷോയാണ് വ്യോമസേനാവിമാനം പറത്തലെന്ന് വിമർശനം
ലണ്ടൻ: വ്യോമസേനാ വിമാനം പറത്തിയതിന്റെ സന്തോഷം പങ്കുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ ദ ഡൗണിങ് സ്ട്രീറ്റിലൂടെയാണ് റോയൽ എയർഫോഴ്സിന്റെ ടൈഫൂൺ ഫൈറ്റർ ജെറ്റ് വിമാനം പറത്തുന്നതിന്റെ സെൽഫി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ടൈഫൂൺ ജെറ്റിന്റെ കോക്പിറ്റിലിരുന്ന് വിമാനം പറത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
വിമാനം പറത്തുന്നതിനിടെ സമീപത്ത് നീങ്ങുന്ന മറ്റു രണ്ട് വിമാനങ്ങൾക്ക് നേരെ ബോറിസ് ജോൺസൺ തംപ്സ് അപ് കാണിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. ലിങ്കൺഷെയറിലെ വ്യോമസേനാആസ്ഥാനത്ത് പരിശോധനയ്ക്കായുള്ള സന്ദർശനത്തിനിടെയാണ് ബോറിസ് ജോൺസൺ ജെറ്റ് വിമാനം പറത്തിയത്.
വിമാനം പറത്താൻ ആഗ്രഹമുണ്ടെങ്കിൽ ആവാമെന്നുള്ള വിങ് കമാൻഡർ പോൾ ഹാൻസന്റെ നിർദേശം പാഴാക്കാതെ കിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു ബാറിസ് ജോൺസൺ പിന്നീട് തമാശയായി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് വർഷം കോക്പിറ്റിൽ ഏറെ സന്തോഷമായി ചെലവഴിച്ച ശേഷം അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധികൾ കാരണം മറ്റൊരു വ്യക്തിയ്ക്ക് നിയന്ത്രണം കൈമാറുകയാണെന്നും പ്രധാനമന്ത്രി പദം ഒഴിയുന്നത് പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ബോറിസ് ജോൺസന്റെ വിമാനം പറത്തലിനെതിരെ നിരവധി വിമർശനങ്ങളാണുയരുന്നത്. രാജിവെച്ചൊഴിയുന്ന പ്രധാനമന്ത്രിയുടെ ഷോയാണ് വ്യോമസേനാവിമാനം പറത്തലെന്ന് ചിലർ വിമർശിച്ചു. ഈ അവസരത്തിലും വളരെ പോസിറ്റീവായി മുന്നോട്ട് പോകുന്ന ബോറിസ് ജോൺസണെ പ്രശംസിച്ചെത്തിയവരുമുണ്ട്. അടുത്ത സഭാനേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും.