എക്സ് നിരോധനത്തിൽ സുപ്രിംകോടതി ജഡ്ജിമാരുടെ വോട്ടിങ്ങ്
ബ്രസീൽ സുപ്രിംകോടതിയുടെ അഞ്ചംഗ പാനൽ ഇന്ന് വോട്ടിങ് നടത്തും
റിയോ ഡി ജനീറോ: ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള എക്സിന് നിരോധനം ഏർപ്പെടുത്തിയ തീരുമാനത്തിൽ വോട്ടിങ്ങ് നടത്താൻ ബ്രസീൽ സുപ്രിംകോടതി. രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്. മൊറേസിൻ്റെ വിധി ശരിവയ്ക്കണമോ എന്ന കാര്യത്തിൽ ബ്രസീലിലെ സുപ്രിംകോടതിയുടെ അഞ്ചംഗ പാനൽ ഇന്ന് വോട്ടിങ് നടത്തും.
ബ്രസീൽ സുപ്രിംകോടതിയിലെ 11 ജസ്റ്റിസുമാരെ അഞ്ച് അംഗങ്ങൾ വീതമുള്ള രണ്ട് ചേമ്പറുകളാക്കിയിട്ടുണ്ട്. ഇതിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടില്ല. ഒരൊറ്റ ജഡ്ജിയുടെ തീരുമാനങ്ങൾ നിലനിർത്തണോ നിരസിക്കണോയെന്ന് അവർക്ക് വോട്ടുചെയ്ത് തീരുമാനിക്കാനാകും. മൊറേസിൻ്റെ തീരുമാനത്തെ ചീഫ് ജസ്റ്റിസ് ലൂയിസ് റോബർട്ടോ ബറോസോ പിന്തുണച്ചിരുന്നു.
എക്സിന്റെ നിയമകാര്യ വക്താവിനെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് നിരോധനം. കോടതി ഉത്തരവുകൾ നടപ്പാക്കുകയും, പിഴ അടക്കുകയും ചെയ്യും വരെ എക്സിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് നിർദേശം. എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയൻ സുപ്രീം കോടതിയുടെ കണ്ടെത്തൽ.