ഉയി​ഗൂർ പീ‍ഡനം: ചൈനക്കെതിരെ കടുത്ത നടപടി വേണമെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യം

ഏകദേശം ദശലക്ഷം ഉയിഗൂര്‍ വംശജര്‍ ചൈനയില്‍ ഭരണകൂട അക്രമത്തിന് ഇരയാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്

Update: 2021-07-08 14:41 GMT
Editor : Suhail | By : Web Desk
Advertising

ഉയി​ഗൂർ മുസ്‍ലിങ്ങൾക്കെതിരെ ചൈന നടത്തുന്ന അടിച്ചമർത്തൽ ഭരണത്തിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് എം.പിമാർ. ചൈനക്കെതിരെ വ്യാപാര വിലക്കോ വേണ്ടി വന്നാൽ 2022 ഒളിമ്പിക്സ് ബഹിഷ്കരണമോ നടപ്പിലാക്കണമെന്ന് സംഘം സർക്കാരിനോട് ആവശ്യപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

സിന്‍ചിയാങ്ങില്‍ നടക്കുന്ന ചൈനീസ് ഭരണകൂട വാഴ്ച്ചയെ കുറിച്ചുള്ള 37 പേജ് വരുന്ന റിപ്പോര്‍ട്ട് എം.പിമാര്‍ പുറത്ത് വിട്ടു. Never Again: The UK's Responsibility to Act on Atrocities in Xinjiang and Beyond  എന്ന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്നതും അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധ പതിയേണ്ടതുമായ കാര്യങ്ങളുള്ളതായും സംഘം പറഞ്ഞു.

ഉയി​ഗൂർ വംശജർക്കു നേരെയുള്ള ചൈനീസ് കടന്നാക്രമണത്തെ കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍, സംഭവത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അന്വേഷണം സാധ്യമാക്കണമെന്ന് പാര്‍ലമെന്‍റിലെ വിദേശകാര്യ കമ്മിറ്റി ആവശ്യപ്പെട്ടു. ഷി ജിങ്പിങ്ങ് ഭരണകൂടത്തിന് കീഴില്‍ ഉയിഗൂര്‍ വംശജര്‍ക്കും വടക്ക് പടിഞ്ഞാറന്‍ മേഖലയിലും നടക്കുന്ന അതിക്രമങ്ങള്‍ അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നും കമ്മിറ്റി പറഞ്ഞു.

ഉയിഗൂര്‍ മുസ്‌‍ലിങ്ങള്‍ക്കെതിരായ അതിക്രമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍, മേഖലയില്‍ ഉടനടി ലോകത്തിന്‍റെ ഇടപെടല്‍ ആവശ്യപ്പെടുന്നതായി കമ്മിറ്റി അംഗവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ടോം ടുഗെന്‍ഹാറ്റ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അരങ്ങേറുന്ന വംശഹത്യക്കും കുറ്റകൃത്യങ്ങള്‍ക്കും അവസാനം കുറിക്കേണ്ടതുണ്ട്. അതിന് സാധ്യമായ നയതന്ത്ര നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടതുണ്ട്. വേണ്ടിവന്നാല്‍ 2022ലെ ബീജിങ്ങ് വിന്‍റര്‍ ഒളിമ്പിക്സ് ബഹിഷ്കരിച്ച് ചൈനക്ക് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മേഖലയില്‍ നിന്നും രക്ഷപ്പെട്ട് വരുന്നവര്‍ക്ക് ഉടനടി അഭയം നല്‍കണം. ലോകത്തിലെ പാര്‍ലമെന്‍റുകളുടെ മാതാവാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഇടപെട്ടില്ലങ്കില്‍ പിന്നെയാരാണ് ഇതിന് പരിഹാരം കാണുന്നതെന്നും ടോം ടുഗെന്‍ഹാറ്റ് പറഞ്ഞു.

ചൈനയില്‍ ഏകദേശം ഒരു ദശലക്ഷം ഉയിഗൂര്‍ വംശജര്‍ ഭരണകൂട അക്രമത്തിന് ഇരയാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍ബന്ധിത തൊഴില്‍പീഡനവും വന്ധ്യംകരണവും ചൈനീസ് സര്‍ക്കാര്‍ മേഖലയില്‍ നടത്തുന്നതായും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ചെെന നിഷേധിക്കുകയാണുണ്ടായത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News