പേജർ സ്​​ഫോടനം: മലയാളിയുടെ കമ്പനിയിൽ നിയമലംഘനം കണ്ടെത്താനായിട്ടില്ലെന്ന് ബൾഗേറിയൻ ഏജൻസി

നോർവെ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷണം

Update: 2024-09-20 14:43 GMT
Advertising

സോഫിയ: ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ ആരോപണ വിധേയമായ മലയാളിയുടെ കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി. രാജ്യത്തെ നിയമം പാലിച്ചുള്ള പണമിടപാടാണ് നടന്നതെന്നും അവർ വ്യക്തമാക്കി. ലബനാനിലും സിറിയയിലും പൊട്ടിത്തെറിച്ച പേജറുകളുടെ നിർമാണത്തിലും വിതരണത്തിലും ബൾഗേറിയക്ക് യാതൊരു ബന്ധവുമില്ലെന്ന് രാജ്യത്തെ താൽക്കാലിക ​പ്രധാനമന്ത്രി ദിമിതർ ഗ്ലാവ്ചേവ് വ്യക്തമാക്കി.

ബൾഗേറിയൻ തലസ്ഥാനമായ സോഫിയ ആസ്ഥാനമായുള്ള നോർട്ട ​ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഹിസ്ബുല്ലക്ക് പേജർ നൽകിയതെന്ന് ഹംഗേറിയൻ മാധ്യമമായ ടെലെക്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൾഗേറിയൻ പ്രധാനമന്ത്രിയുടെ മറുപടി വരുന്നത്.

രേഖപ്പെടുത്തിയ പണമിടപാട് മാത്രമാണ് നടന്നതെന്ന് ദിമിതർ ഗ്ലാവ്ചേവ് പറഞ്ഞു. സാധനങ്ങൾ വിറ്റതിനല്ല, സർവീസിനാണ് പണം നൽകിയിരിക്കുന്നതെന്നാണ് ഇൻവോയ്സിൽ പറയുന്നത്. ബൾഗേറിയ സന്ദർശിച്ചിട്ടില്ലാത്ത നോർവീജിയൻ പൗരന്റേതാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവും ദേശീയ കസ്റ്റംസ് ഏജൻസിയും സംയുക്ത പരിശോധന നടത്തിയതായി ബൾഗേറിയയുടെ ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു. ഹിസ്ബുല്ല ഉപയോഗിച്ച പേജറുകൾ രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തതല്ലെന്ന് അവർ വ്യക്തമാക്കി. ഭീകരപട്ടികയിലുള്ള സംഘടനകളുമായോ സ്ഥാപനങ്ങളുമായ ഇടപാടിന് തെളിവില്ലെന്നും ഏജൻസി അറിയിച്ചു.

നോർവെ പൗരത്വമുള്ള വയനാട് സ്വദേശി റിൻസൺ ജോസിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. റിൻസനെ കഴിഞ്ഞ മൂന്ന് ദിവസമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

റിൻസൺ ജോസിന്റെ നോർട്ട​ ​ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജർ ഇടപാടിൽ പണം കൈമാറിയെന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം . ഇതിന്റെ അടിസ്ഥാനത്തിലാണ് ബൾ​ഗേറിയയുടെ അന്വേഷണം. റിൻസൺ മൂന്നു ദിവസം മുമ്പ് വിളിച്ചിരുന്നുവെന്നും ചതിക്കപ്പെട്ടതായാണ് സംശയമെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ഹിസ്ബുല്ല വാങ്ങിയ തായ്വാൻ കമ്പനിയുടെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാൽ കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് നൽകിയെന്നാണ് തായ്വാൻ കമ്പനിയുടെ വിശദീകരണം. പേജറുകൾ നിർമിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപകരാർ നൽകിയിരുന്നതായും ഹംഗേറിയൻ കമ്പനി വിശദീകരിക്കുന്നു. ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസന്റെ സ്ഥാപനങ്ങൾ വഴിയാണ്.

15 കോടി രൂപയാണ് റിൻസന്റെ കമ്പനികൾ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്. പേജറുകൾ നിർമിച്ചതിലോ സ്ഫോടക വസതുക്കൾ ഇതിൽ നിറച്ചതിലോ റിൻസണ് പങ്കുള്ളതായി നിലവിൽ തെളിവില്ല. രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമിച്ചുവെന്നത് ഇപ്പോഴും ദുരൂഹമാണ്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News