മോഷണത്തിനിടെ ഉറങ്ങിപ്പോയി, കൂർക്കംവലികേട്ട് വീട്ടുകാർ ഉണർന്നു; പിന്നീട് നടന്നത്...
അയൽവാസിയുടെ വീട്ടിൽ നിന്നുള്ള ശബ്ദമാണെന്നാണ് ആദ്യം വീട്ടുടമ കരുതിയത്
ബീജിങ്ങ്: ജോലിക്കിടെ ഉറങ്ങിപ്പോയാൽ എന്ത് സംഭവിക്കും..ഓഫീസ് ജോലിയാണെങ്കിൽ മേലധികാരികളിൽ നിന്ന് ചിലപ്പോൾ വഴക്ക് കേട്ടാക്കാം..അല്ലെങ്കിൽ ഒരു താക്കീത്...എന്നാൽ മോഷണത്തിനിടെ കള്ളൻ ഉറങ്ങിപ്പോയാൽ എന്താകും അവസ്ഥ...
ചൈനയിലാണ് അത്തരത്തിലൊരു സംഭവം നടന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ വീട്ടിലാണ് മോഷ്ടാവ് കയറിയത്.. എന്നാൽ ആ വീട്ടിലെ ആളുകൾ അപ്പോഴും ഉറങ്ങിയിട്ടില്ലായിരുന്നു. തുടർന്ന് വീട്ടുടമസ്ഥർ ഉറങ്ങുന്നത് വരെ ആരും കാണാതെ മറ്റൊരു മുറിയിൽ ഒളിച്ചിരിക്കാൻ കള്ളൻ തീരുമാനിച്ചു. കുറേ നേരം കഴിഞ്ഞിട്ടും വീട്ടുകാർ ഉറങ്ങിയില്ല. ബോറടി മാറ്റാനായി ചുരുട്ട് വലിച്ച കള്ളൻ ഉറങ്ങിപ്പോയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു
പക്ഷേ ഉറക്കത്തിനിടയിലുള്ള കള്ളന്റെ കൂർക്കം വലി കേട്ട് വീട്ടുടമയായ ടാങ് എന്ന സ്ത്രീ എഴുന്നേറ്റതായി ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്യുന്നു. അയൽവാസിയുടെ വീട്ടിൽ നിന്നുള്ള ശബ്ദമാണെന്നാണ് ആദ്യം അവർ കരുതിയത്. എന്നാൽ ഏകദേശം 40 മിനിറ്റിന് ശേഷം ടാങ് തന്റെ കുഞ്ഞിന്റെ പാൽകുപ്പി കഴുകാനായി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഉച്ചത്തിലുള്ള കൂർക്കംവലി തൊട്ടടുത്ത മുറിയിൽ നിന്നാണെന്ന് മനസിലായത്. തുടർന്ന് ശബ്ദമുണ്ടാക്കാതെ മുറിയിലേക്ക് നോക്കിയപ്പോൾ അപരിചിതനായ ഒരാൾ ഉറങ്ങുന്നതാണ് കണ്ടത്. തുടർന്ന് അവർ മറ്റ് കുടുംബാംഗങ്ങളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കള്ളനെ അറസ്റ്റ് ചെയ്തു. യാങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ 2022-ൽ മോഷണക്കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ഇയാൾ ജയിൽ മോചിതനായത്. തുടര്‍ന്ന് വീണ്ടും മോഷണത്തിനിറങ്ങിയതാണെന്നും പൊലീസ് പറയുന്നു.
അതേസമയം, ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കള്ളനെ പരിഹസിച്ചത്. ക്ഷീണിതനായിരുന്നുവെങ്കിൽ, അയാൾ ഓവർടൈം 'ജോലി' ചെയ്യരുതായിരുന്നെന്നാണ് ഒരാളുടെ കമന്റ്. അതേസമയം, വീട്ടിൽ കയറി അയാൾ ഒന്നും മോഷ്ടിച്ചിട്ടില്ലല്ലോ,അപ്പോൾ എന്തിനാണ് ശിക്ഷിക്കുന്നതെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. കള്ളന്‍ തന്നെ പൊലീസിനെ വീട്ടുപടിക്കലെത്തിച്ചെന്നായിരുന്നു ചിലരുടെ കമന്‍റ്.