വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരെ അതിക്രമം; ഇസ്രായേല്‍ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഉപരോധവുമായി കാനഡ

1967ല്‍ കൈയേറിയ പ്രദേശങ്ങള്‍ക്കുമേല്‍ ഇസ്രായേലിനു സ്ഥിരം അധികാരം നല്‍കുന്നത് അംഗീകരിക്കില്ലെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്

Update: 2024-06-27 17:38 GMT
Editor : Shaheer | By : Web Desk
ജസ്റ്റിന്‍ ട്രൂഡോ, മെലാനി ജോളി
Advertising

ഒട്ടാവ: വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിലും ഇസ്രായേല്‍ നേതാക്കള്‍ക്കെതിരെ നടപടിയുമായി കാനഡ. ഏഴ് ഇസ്രായേല്‍ നേതാക്കള്‍ക്കും അഞ്ച് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഉപരോധം ചുമത്തിയിരിക്കുകയാണ് കാനഡ ഭരണകൂടം. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്‌മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവര്‍ക്കെതിരെയെല്ലാം നടപടിയുണ്ടെന്ന് ഇസ്രായേല്‍ മാധ്യമമായ 'ഹാരെറ്റ്‌സ്' റിപ്പോര്‍ട്ട് ചെയ്തു.

കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയാണ് ഇസ്രായേലിനെതിരായ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാനഡയിലെ പ്രത്യേക സാമ്പത്തിക നടപടികള്‍(തീവ്രവാദ കുടിയേറ്റ അതിക്രമം) നിയമപ്രകാരമാണ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സാമ്പത്തികമായും കായികമായും കൂട്ടുനില്‍ക്കുകയും സഹായമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഉപരോധത്തിനു കാരണമായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

തീവ്ര ജൂത നേതാക്കളായ ബെന്റ്‌സി ഗോപ്സ്റ്റീന്‍, ഡാനിയേല വീസ്, ഈനാന്‍ ബെന്‍നീര്‍ അമ്രാന്‍ തന്‍ജീല്‍, എലിഷ യെറെദ്, എലി ഫെഡെര്‍മാന്‍, മയര്‍ മോര്‍ദെക്കായ് എറ്റിങ്ങര്‍, ഷാലോം സിക്കര്‍മാന്‍ എന്നിവരാണ് ഉപരോധ പട്ടികയിലുള്ള വ്യക്തികള്‍. അമാന, ഹില്‍ടോപ് യൂത്ത്, ലെഹാവ, മോഷേസ് ഫാം, സവീസ് ഫാം എന്നിവയാണു സംഘടനകള്‍.

തീവ്ര കുടിയേറ്റ ആക്രമണങ്ങളില്‍ ഫലസ്തീനികളുടെ ജീവനും സ്വത്തിനും കൃഷിഭൂമിക്കുമെല്ലാം നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് കാനഡ വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങള്‍ കാരണം ഫലസ്തീനികള്‍ വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലുള്ള ഫലസ്തീനികളില്‍ മാത്രമല്ല, ഇസ്രായേലികള്‍ക്കിടയിലും ഇത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും സംഘട്ടനത്തിന്റെയും പ്രധാന കാരണക്കാരാണ് ഇസ്രായേല്‍ കുടിയേറ്റ തീവ്രവാദികള്‍. ഫലസ്തീനികളുടെ അവകാശങ്ങളും ദ്വിരാഷ്ട്ര പരിഹാര സാധ്യതകളുമെല്ലാം അവഗണിച്ചാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. മേഖലയുടെ തന്നെ സുരക്ഷയ്ക്കു വലിയ അപകടമാണിവരെന്നും വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.

വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമുള്ള നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കും കുടിയേറ്റ വ്യാപനത്തിനുമെതിരെ നിലകൊള്ളുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ശാശ്വതവും നീതിയുക്തവും സമഗ്രവുമായ സമാധാനാന്തരീക്ഷം കൊണ്ടുവരാനായി രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ ഏഴിനുശേഷം കുടിയേറ്റക്കാരുടെ നേതൃത്വത്തില്‍ ഫലസ്തീനികള്‍ക്കുനേരെ 800ലേറെ ആക്രമണങ്ങള്‍ നടന്നതായുള്ള യു.എന്‍ റിപ്പോര്‍ട്ടും വാര്‍ത്താകുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. 1967ല്‍ കൈയേറിയ പ്രദേശങ്ങള്‍ക്കുമേല്‍ ഇസ്രായേലിനു സ്ഥിരം അധികാരം നല്‍കുന്നത് കാനഡ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വെസ്റ്റ് ബാങ്കിലെ തീവ്രവാദ കുടിയേറ്റ ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്ന് മന്ത്രി മെലാനി ജോളി പ്രതികരിച്ചു. ഫലസ്തീനി ജീവനുകള്‍ക്കു ഭീഷണിയാണെന്നു മാത്രമല്ല, മേഖലയുടെ സുസ്ഥിരമായ സമാധാനത്തെയും ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഭരണകൂടം തയാറാകണം. ഇത്തരം അതിക്രമങ്ങള്‍ നടത്തുന്ന കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Summary: Canada imposes sanctions on prominent Israeli settler leaders, organizations in West Bank

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News