'ഗുജറാത്ത് അടക്കം മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകരുത്'- പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കാനഡ

കാനഡയിൽ ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വർധിച്ചിരിക്കുകയാണെന്നും ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു

Update: 2022-09-29 12:14 GMT
Editor : Shaheer | By : Web Desk
Advertising

ഒട്ടാവ: മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് യാത്ര പോകരുതെന്ന് പൗരന്മാർക്ക് നിർദേശവുമായി കാനഡ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് പോകരുതെന്നാണ് നിർദേശം. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളെന്ന നിലയ്ക്കാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കാനഡ സർക്കാർ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.

ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പാകിസ്താൻ അതിർത്തിയിൽനിന്ന് 10 കി.മീറ്റർ അകലെയുള്ള പ്രദേശങ്ങളിലൂടെ യാത്ര പോകരുതെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ മേഖലയിൽ അപ്രവചനീയമായ സുരക്ഷാ സാഹചര്യവും കുഴിബോംബുകളുടെയും പൊട്ടാത്ത സ്‌ഫോടകവസ്തുക്കളുടെയും സാന്നിധ്യം നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. കാനഡ സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റിലാണ് നിർദേശം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രാജ്യവ്യാപകമായി ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. അടിയന്തര ആവശ്യത്തിനല്ലാതെ അസം, മണിപ്പൂർ എന്നിവിടങ്ങളിലേക്കും യാത്ര പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലേക്കും യാത്ര ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ലഡാക്കിനെ യാത്രാവിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവിടങ്ങളിലും ഭീകരാക്രമണ, കലാപസാധ്യത നിലനിൽക്കുന്നുണ്ടെന്ന് കാരണമായി ചൂണ്ടിക്കാട്ടുന്നു.

കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും നേരത്തെ കേന്ദ്ര സർക്കാർ ജാഗ്രതാ നിർദേശം പുറത്തിറക്കിയിരുന്നു. കാനഡയിൽ ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും വർഗീയ കലാപങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും വർധിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രാലയവും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ഇക്കാര്യം കനേഡിയൻ ഭരണകൂടത്തോട് ഉണർത്തിയിട്ടുണ്ടെന്നും സംഭവങ്ങളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Summary: Canada has advised its citizens to avoid all travel to areas in states of Gujarat, Punjab and Rajasthan, which share a border with Pakistan due to the "presence of landmines" and "unpredictable security situation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News