കനേഡിയൻ നയതന്ത്രജ്ഞരുടെ നയതന്ത്രപ്രതിരോധം പിൻവലിക്കൽ: ഇന്ത്യയ്‌ക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി
നടപടി ഇന്ത്യ പിൻവലിക്കണമെന്ന് അമേരിക്ക
കനേഡിയൻ നയതന്ത്രജ്ഞരുടെ നയതന്ത്രപ്രതിരോധം ഏകപക്ഷീയമായി പിൻവലിച്ചതിനെ തുടർന്ന് വീണ്ടും ഇന്ത്യക്ക് എതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയിലെ 40 കനേഡിയൻ നയതന്ത്രജ്ഞരുടെ നയതന്ത്രപ്രതിരോധം ഏകപക്ഷീയമായി പിൻവലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും വിയന്ന കൺവെൻഷന്റെ ലംഘനമാണെന്നും കനേഡിയൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഇതിൽ ആശങ്കപ്പെടണമെന്നും ഇന്ത്യയിലും കാനഡയിലും താമസിക്കുന്നവർക്ക് ഇന്ത്യൻ സർക്കാർ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നയതന്ത്ര പരിരക്ഷ പിൻവലിച്ചതിനെ തുടർന്ന് കനേഡിയൻ ഉദ്യോഗസ്ഥർ ഇന്ത്യ വിട്ടിരുന്നു. നടപടി ഇന്ത്യ പിൻവലിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്നും 1961ലെ വിയന്ന കൺവെൻഷൻ ഇന്ത്യ പാലിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. നിരവധി കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യ വിടുന്നതിന് കാരണമായ ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് യോജിക്കുന്നില്ലെന്ന് യുകെ വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യ പാലിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം അതാത് രാജ്യങ്ങൾക്ക് തീരുമാനിക്കാൻ വ്യവസ്ഥയുണ്ട്. നയതന്ത്ര പ്രതിനിധികളുടെ എണ്ണം തുല്യമാക്കുക മാത്രമാണ് ചെയ്തതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലുണ്ടായിരുന്ന 42 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ രാജ്യം വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വിശദീകരണം.
ഒക്ടോബർ മാസത്തിനുള്ളിൽ രാജ്യം വിട്ടുപോകണമെന്ന് ഇന്ത്യ നേരത്തെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം ഇവർക്കുള്ള നയതന്ത്ര പരിരക്ഷ പിൻവലിക്കുമെന്നും ഇന്ത്യ അറിയിച്ചു. ഡൽഹിക്ക് പുറത്തുള്ള കോൺസുലേറ്റുകൾ കാനഡ അടച്ചു പൂട്ടുകയും വിവിധ ഇന്ത്യൻ നഗരങ്ങളിലെ കനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് നൽകുകയും ചെയ്തിരുന്നു.
Canadian Prime Minister Justin Trudeau again against India after unilaterally withdrawing diplomatic immunity of Canadian diplomats.