റൗളും പടിയിറങ്ങി; ഇനി കാസ്‌ട്രോയുടെ മേൽവിലാസമില്ലാത്ത ക്യൂബ
നിലവിലെ പ്രസിഡണ്ട് മിഗ്വൽ ഡയസ് കനാൽ ആകും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടുത്ത ഫസ്റ്റ് സെക്രട്ടറി എന്നാണ് കരുതപ്പെടുന്നത്
ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് റൗൾ കാസ്‌ട്രോ രാജിവച്ചതോടെ ക്യൂബയിൽ ആറു പതിറ്റാണ്ടു നീണ്ട കാസ്‌ട്രോ യുഗത്തിനാണ് അന്ത്യമാകുന്നത്. 1959 ലെ വിപ്ലവത്തിന് ശേഷം സഹോദരൻ ഫിദലാണ് പാർട്ടിയിൽ കാസ്‌ട്രോ യുഗത്തിന് തുടക്കം കുറിക്കുന്നത്. 1959 മുതൽ 2006 വരെ ഫിദൽ ആയിരുന്നു പാർട്ടി ഫസ്റ്റ് സെക്രട്ടറി. പിന്നീട് റൗളും. ക്യൂബൻ പ്രസിഡണ്ടായ മിഗ്വൽ ഡയസ് കനാൽ ആകും അടുത്ത ഫസ്റ്റ് സെക്രട്ടറി എന്നാണ് കരുതപ്പെടുന്നത്.
ഫിദലിന്റെ കരുത്ത്
സ്വേച്ഛാധിപതിയായ ഫുൾജെൻസിയോ ബാറ്റിസ്റ്റയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഫിദലിന്റെ കൂടെ നിന്ന് പൊരുതിയ നേതാവാണ് റൗൾ. 1953 ജൂലൈ 26ന് സാന്റിയാഗോ ദെ ക്യൂബയിലെ മൊങ്കാട സൈനിക വിമാനത്താവളം ആക്രമിച്ച കേസിൽ റൗൾ ഫിദലിനൊപ്പം ജയിൽ ശിക്ഷയ്ക്ക് വിധേയനായിട്ടുണ്ട്. ഫിദലിന് 15ഉം റൗളിന് 13 ഉം വർഷമായിരുന്നു ശിക്ഷ. 1955ൽ പൊതുമാപ്പിനെ തുടർന്ന് ഇരുവരും ജയിൽ മോചിതരായി.
പിന്നീട് മെക്‌സിക്കോയിലേക്ക് താവളം മാറ്റിയ ഫിദലിനൊപ്പം റൗളും കൂടെപ്പോയി. 1956 ഡിസംബറിൽ കാസ്‌ട്രോ, റൗൾ, ചെഗുവേര എന്നിവർ അടങ്ങുന്ന സംഘം ബോട്ടിലൂടെ ക്യൂബൻ തീരത്തെത്തി സൈനികർക്ക് നേരെ ആക്രമണം നടത്തി. എന്നാൽ ആ ആക്രമണവും വിജയം കണ്ടില്ല. പിന്നീടാണ് ബാറ്റിസ്റ്റയ്‌ക്കെതിരെ ഗറില്ലാ സമരമുറ പ്രയോഗിച്ച് വിപ്ലവകാരികൾ ലക്ഷ്യം കണ്ടത്. 1959 ജനുവരി ഒന്നിന് നിൽക്കക്കള്ളിയില്ലാതെ ബാറ്റിസ്റ്റ രാജ്യം വിട്ടു. കാസ്‌ട്രോ അധികാരമേൽക്കുകയും ചെയ്തു.
ഫിദൽ എന്ന ഐക്കൺ
വിപ്ലവം ജയിച്ചതോടെ ലോകത്തുടനീളമുള്ള കമ്യൂണിസ്റ്റുകളുടെ ഐക്കണായി ഫിദൽ കാസ്‌ട്രോ മാറി. 1956 ഫെബ്രുവരി 16നാണ് ഫിദൽ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 1976 ഡിസംബർ രണ്ടു വരെ പ്രധാനമന്ത്രി പദത്തിലിരുന്നു. പിന്നീട് പ്രസിഡണ്ടും രാഷ്ട്രത്തിന്റെ സർവ സൈന്യാധിപനുമായി. ക്യൂബയെ ഒരു സമ്പൂർണ സോഷ്യലിസ്റ്റ് രാഷ്ട്രമാക്കുകയായിരുന്നു ഫിദലിന്റെ ലക്ഷ്യം.
അമേരിക്കൻ വിരുദ്ധതയായിരുന്നു കാസ്‌ട്രോയുടെ മുഖമുദ്ര. യുഎസിനോടുള്ള വിയോജിപ്പ് പ്രകടമായി പ്രഖ്യാപിച്ച ക്യൂബ സോവിയറ്റ് യൂണിയനുമായി അടുക്കുകയും ചെയ്തു. രാജ്യത്ത് ഭൂപരിഷ്‌കരണവും ദേശസാത്കരണവും നടത്തി. എന്നാൽ കാസ്‌ട്രോയ്ക്ക് കീഴിൽ ക്യൂബ ഒരു കക്ഷി മാത്രമുള്ള റിപ്പബ്ലിക് ആയാണ് മാറിയത്. കാസ്‌ട്രോയുടെ ഭരണത്തിന് കീഴിൽ വിയോജിപ്പുകളെ അടിച്ചമർത്തുന്നതായി വിമർശനങ്ങളുയർന്നു. ക്യൂബയിൽ നിന്ന് കടൽ വഴി നിരവധി പൗരന്മാർ അമേരിക്കയിലേക്ക് രക്ഷപ്പെടുകയുണ്ടായി.
റൗളിന് കീഴിലെ ക്യൂബ
യുഎസുമായുള്ള നിതാന്ത വൈരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ റൌള്‍ അധികാരത്തിലിരിക്കെ ഉണ്ടായി എന്നതാണ് ശ്രദ്ധേയം. 2016ൽ യുഎസ് പ്രസിഡണ്ട് ബറാക് ഒബാമയുമായി റൗൾ ചർച്ച നടത്തുകയും ചെയ്തു. ക്യൂബയ്‌ക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ യുഎസ് ഇളവു വരുത്തുകയും ചെയ്തു. എന്നാൽ ട്രംപ് പ്രസിഡണ്ട് ആയതോടെ ബന്ധം മോശമായി. ഉപരോധം വീണ്ടും പ്രാബല്യത്തിലാകുകയും ചെയ്തു. ഉപരോധത്തിൽ ഇളവു പരിഗണിക്കാം എന്ന് നിലവിലെ പ്രസിഡണ്ട് ജോ ബൈഡൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.