ഇതെന്തൊരു കരുതല്‍! ഉടമ മരിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ഖബറിടത്തിന് 'കാവലു'മായി വളർത്തുപൂച്ച

സെർബിയയിലെ പ്രമുഖ മുസ്‍ലിം പണ്ഡിതനും പാർലമെന്റ് അംഗവുമായിരുന്ന ശൈഖ് മുആമിർ സുകോർലിച്ചിന്റെ വളർത്തുപൂച്ചയാണ് കനത്ത ചൂടിലും കൊടുംശൈത്യത്തിലും അദ്ദേഹത്തിന്റെ ഖബറിടം വിടാതെ കാവലിരിക്കുന്നത്

Update: 2022-01-16 14:58 GMT
Editor : Shaheer | By : Web Desk
Advertising

വളർത്തുനായ്ക്കളുടെ യജമാനസ്‌നേഹത്തെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല. എന്നാൽ, വളർത്തുപൂച്ചയ്ക്കും ഇത്രയും സ്‌നേഹവും കരുതലുമുണ്ടാകുമോ!? സെർബിയയിലെ ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഉടമ മരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഖബറിടത്തിനരികിൽനിന്ന് മാറാൻ കൂട്ടാകാതെ കാവലിരിക്കുന്നു ഇവിടെയൊരു പൂച്ച!

സെർബിയയിൽ ഏറെ സ്വാധീനമുള്ള മുസ്‍ലിം പണ്ഡിതനായിരുന്ന ശൈഖ് മുആമിർ സുകോർലിച്ചിന്റേതാണ് ഈ വളർത്തുപൂച്ച. കഴിഞ്ഞ നവംബർ ആറിനാണ് സെർബിയൻ ദേശീയ അസംബ്ലി വൈസ് പ്രസിഡന്റും മുഫ്തിയും(മതവിധികൾ നൽകുന്ന പണ്ഡിതൻ) ആയിരുന്ന ശൈഖ് മുആമിർ അന്തരിക്കുന്നത്. എന്നാൽ, മുആമിറിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഖബറിടത്തിനരികിൽ കാവലിരിക്കുന്ന പൂച്ചയാണിപ്പോൾ വാർത്താതാരം.

മുആമിറിന്‍റെ മരണത്തോടെ ഇവിടെ സ്ഥാനമുറപ്പിച്ച പൂച്ച രണ്ടു മാസം കഴിഞ്ഞും മാറിവരുന്ന കാലാവസ്ഥകളിലും എങ്ങോട്ടും പോകാൻ കൂട്ടാക്കാതെ ഇവിടെത്തന്നെ കാവലിരിക്കുകയാണ്. ചുറ്റും മഞ്ഞുമൂടിയിട്ടും ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ ഒരു ട്വിറ്റർ യൂസർ പുറത്തുവിട്ടതോടെയാണ് ലോകത്തിന്റെ മൊത്തം നൊമ്പരക്കാഴ്ചയായി അതു മാറിയത്.

മുആമിറിന്റെ വിയോഗത്തിനു പിറകെ ഖബറിടത്തിലെത്തിയ പൂച്ചയുടെ ചിത്രം നവംബർ ഒൻപതിന് ലവാഡർ എന്ന ട്വിറ്റർ യൂസറാണ് പുറത്തുവിട്ടത്. മുഫ്തി മുആമിർ സുകോർലിച്ച് അന്തരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ പൂച്ച ഖബറിടം വിട്ട് പോയിട്ടില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു അന്ന് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. മരണത്തിലും അദ്ദേഹത്തോട് ഒട്ടിനിൽക്കാനാണ് അത് ആഗ്രഹിക്കുന്നതെന്നും ലവാഡർ കുറിച്ചു.

ദിവസങ്ങൾക്കുമുൻപ് ലവാഡര്‍ വീണ്ടും ഖബറിടത്തിലെത്തിയപ്പോഴും പൂച്ച അവിടംവിട്ടുപോയിരുന്നില്ല. മഞ്ഞുകട്ടകള്‍ക്കുമേൽ കുത്തിയിരിക്കുന്ന ചിത്രം കൂടി അദ്ദേഹം പങ്കുവച്ചതോടെയാണ് ഈ കരളലിയിക്കുന്ന കാഴ്ച സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. കൊടും ശൈത്യത്തിലും തന്റെ പ്രിയപ്പെട്ട ഉടമയുടെ കുടീരത്തിനരികിൽ അനന്തതയിലേക്ക് കണ്ണുംനട്ട് കുത്തിയിരിക്കുകയാണ് പൂച്ച. ഇതിനകംതന്നെ 63,000ത്തിലേറെപ്പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്. 21,000ത്തോളം പേർ റീട്വീറ്റും ചെയ്തിട്ടുണ്ട്.

മതപണ്ഡിതനാണെങ്കിലും സെർബിയൻ രാഷ്ട്രീയത്തിലും സജീവമായിരുന്നു ശൈഖ് മുആമിർ. ജസ്റ്റിസ് ആൻഡ് റീകൺസിലിയേഷൻ പാർട്ടി അംഗമായിരുന്ന അദ്ദേഹം 2016 മുതൽ 2020 വരെ പാർലമെന്റ് അംഗവും സെർബിയൻ നാഷനൽ അസംബ്ലി വൈസ് പ്രസിഡന്റുമായിരുന്നു. എമീർ അബ്ദൽഖാദർ സർവകലാശാലയിൽനിന്ന് ഇസ്‍ലാമിക പഠനത്തിൽ ബിരുദം നേടിയ അദ്ദേഹം ബോസ്‌നിയാക് അക്കാഡമി ഓഫ് സയൻസസ് ആൻഡ് ആർട്‌സ് കോളജിന്റെ സ്ഥാപകനുമാണ്.

Summary: Cat refuses to leave her owner, Sheikh Muamer Zukorli's grave in Serbia 2 months after his funeral

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News