''സമൂഹത്തിന് നല്ല മാതൃകയാകണം; ടാറ്റൂ പതിച്ച് കളത്തിലിറങ്ങരുത്''; വിലക്കുമായി ചൈന

വനിതാ താരങ്ങള്‍ മുടി ഡൈ ചെയ്തതിന്റെ പേരിൽ കഴിഞ്ഞ വർഷം യൂനിവേഴ്‌സിറ്റി ഫുട്‌ബോൾ മത്സരം റദ്ദാക്കിയിരുന്നു

Update: 2021-12-31 09:42 GMT
Editor : Shaheer | By : Web Desk
Advertising

പച്ച കുത്തി കളത്തിലിറങ്ങുന്നതിന് വിലക്കേർപ്പെടുത്തി ചൈന. ദേശീയ ഫുട്‌ബോൾ ടീമിലെ താരങ്ങൾക്കാണ് ചൈനീസ് ഭരണകൂടത്തിന്റെ കർശനനിർദേശം. ദ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്‌പോർട്ട് ഓഫ് ചൈന(ജിഎഎസ്) ആണ് ഉത്തരവിറക്കിയത്.

ശരീരത്തിൽ ടാറ്റ് പതിപ്പിച്ച താരങ്ങളോട് അതു നീക്കം ചെയ്യാനാണ് നിർദേശം. ഇല്ലെങ്കിൽ ടാറ്റൂ മറച്ചുമാത്രമേ കളത്തിലിറങ്ങാവൂവെന്നും നിർദേശമുണ്ട്. യുവതാരങ്ങൾക്ക് പച്ച കുത്തരുതെന്ന് കർശന നിർദേശവുമുണ്ട്. സമൂഹത്തിന് നല്ല മാതൃകയാകാനാണിതെന്നാണ് ജിഎഎസ് വാർത്താകുറിപ്പിൽ കാരണമായി വ്യക്തമാക്കിയത്.

ദേശീയ ടീമിലെയും അണ്ടർ 23 ടീമിലെ താരങ്ങളും പുതിയ ടാറ്റൂ പതിക്കരുതെന്ന് കർശനമായി വിലക്കുകയാണ്. നേരത്തെ ടാറ്റൂ പതിച്ചവർ അതു നീക്കം ചെയ്യുകയും വേണം. ആർക്കെങ്കിലും ടീം പ്രത്യേക സാഹചര്യം പരിഗണിച്ച് ഇളവ് നൽകിയിട്ടുണ്ടെങ്കിൽ അവർ പരിശീലന സമയത്തും കളിക്കിടയിലുമെല്ലാം ടാറ്റൂ മറയ്ക്കുകയും വേണം-ജിഎഎസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെടുന്നു.

താരങ്ങൾക്ക് ദേശസ്‌നേഹം ശക്തിപ്പെടുത്താൻ വേണ്ടി രാഷ്ട്രീയ, പ്രത്യയശാസ്ത്ര വിദ്യാഭ്യാസവും പരിശീലനവും നൽകണമെന്നും ദേശീയ ടീമുകൾക്ക് ജിഎഎസിന്റെ നിർദേശമുണ്ട്.

ചൈനീസ് ഭരണകൂടം ടാറ്റൂ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമായല്ല. പച്ചകുത്തിയ താരങ്ങളുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യരുതെന്ന് 2018ൽ ചൈനീസ് ടെലിവിഷനുകളോട് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം വനിതാ യൂനിവേഴ്‌സിറ്റി ഫുട്‌ബോൾ ടൂർണമെന്റിനിടെ ഒരു മത്സരം ഡൈ ചെയ്ത മുടിയുള്ള താരങ്ങളുള്ളതു കാരണം റദ്ദാക്കിയിരുന്നു. പാശ്ചാത്യ സ്വാധീനം ഒഴിവാക്കാനെന്നു ചൂണ്ടിക്കാട്ടി ക്രിസ്മസ് ആഘോഷങ്ങൾക്ക് ചൈന വിലക്കേർപ്പെടുത്തിയത് ദിവസങ്ങൾക്കുമുൻപാണ്.

Summary: Chinese authorities have banned footballers from getting tattoos and instructed national team players who have been inked to remove them or cover them up to set a "good example for society".

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News