ചൈനയിലെ കോവിഡ് വ്യാപനം: ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക

'വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ലോകത്താകെയുള്ള ജനങ്ങള്‍ക്ക് അത് ഭീഷണിയാണ്'

Update: 2022-12-20 09:53 GMT
Advertising

ചൈനയിലെ കോവിഡ് വ്യാപനത്തിന് പിന്നാലെ വൈറസിന് മ്യൂട്ടേഷന്‍ സംഭവിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഇക്കാര്യത്തില്‍ നടപടി വേണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ലോകത്താകെയുള്ള ജനങ്ങള്‍ക്ക് അത് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. 

വാഷിംഗ്ടണിലെ ചൈനീസ് എംബസിയിലെ വക്താവ് നെഡ് പ്രൈസിന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ചില്ല. ചൈനയിലെ കോവിഡ് തരംഗത്തിനിടെ മരണസംഖ്യ സര്‍ക്കാര്‍ മറച്ചുവെയ്ക്കുന്നതായി ആരോപണമുണ്ട്. ബീജിങ്ങിലെ ശ്മശാനത്തിൽ നിന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരെ പുറത്താക്കിയതായും ആരോപണം ഉയര്‍ന്നു. പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ വിദഗ്ധമായി വൈറസിനെ കൈകാര്യം ചെയ്തെന്നാണ് ചൈന അവകാശപ്പെട്ടിരുന്നത്.

ചൈനയില്‍ കോടിക്കണക്കിന് ജനങ്ങളെ ക്വാറന്‍റൈനിലാക്കാനുള്ള നിര്‍ദേശം വന്നതോടെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.സിൻജിയാങ് മേഖലയില്‍ ഐസൊലേഷനിടെ തീപിടിത്തത്തില്‍ ആളുകള്‍ മരിച്ചതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.

വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെ യുഎസ് സെന്‍റേര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉൾപ്പെടെയുള്ള ആരോഗ്യ ഏജൻസികൾ വൈറസിന് വകഭേദം സംഭവിച്ചിട്ടുണ്ടോ എന്ന ഗവേഷണത്തിലാണ്. പുതിയ വകഭേദങ്ങള്‍ വൈറസ് വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ കാരണമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ ചൈനയിലെ 60% ആളുകൾക്ക് രോഗം ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍.

പുതിയ വർഷത്തിന്റെ തുടക്കത്തിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘത്തെ അമേരിക്ക ബീജിങ്ങിലേക്ക് അയക്കുമെന്ന് നെഡ് പ്രൈസ് പറഞ്ഞു. ചൈനയ്ക്ക് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News