ഭരണകൂടത്തെ വിമര്‍ശിച്ചു; ചൈനയിൽ മനുഷ്യാവകാശ പ്രവർത്തകര്‍ക്ക് പത്തുവർഷത്തിലധികം തടവ്
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് സൂ സിയോങ് ആവശ്യപ്പെട്ടിരുന്നു
ബീജിങ്: ചൈനയിലെ രണ്ട് പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരെ 10 വർഷം തടവിന് ശിക്ഷിച്ചു. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് സൂ സിയോങ് (50), ഡിംഗ് ജിയാക്‌സി (55) എന്നിവരെ തടവിലാക്കിയിരിക്കുന്നത്.. കഴിഞ്ഞ ജൂണിലാണ് ഇരുവർക്കുമെതിരെ കേസെടുക്കുന്നതെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഭരണഘടനാ പരിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും സർക്കാർ അഴിമതിയെ വിമർശിക്കുകയും ചെയ്യുന്ന പൗരാവകാശ ഗ്രൂപ്പായ ന്യൂ സിറ്റിസൺസ് മൂവ്മെന്റിലെ പ്രധാന അംഗങ്ങളായിരുന്നു ഇരുവരും. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റ് ഷി ജിൻപിങ് സ്ഥാനമൊഴിയണമെന്ന് സൂ സിയോങ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൂ വിനെ 14 വർഷത്തേക്ക് ജയിലിലടച്ചിരിക്കുന്നതെന്ന് അഡ്വക്കസി ഗ്രൂപ്പ് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നതു.പബ്ലിക് ഓഫീസർമാരുടെ സ്വകാര്യ സ്വത്തുക്കൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് സു മുമ്പ് നാല് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഡിംഗിന് 12 വർഷമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. അടച്ചിട്ട മുറിയിലാണ് വിചാരണ നടന്നത്.
പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഭരണത്തിന് കീഴിൽ പൗരസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായതായി മനുഷ്യാവകാശ സംഘടനകൾ പ്രതികരിച്ചു. അതേസമയം, തടങ്കലിലാക്കി ശാരീരികമായി ഉപദ്രവിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇരുവരുടെയും കുടംബം പ്രതികരിച്ചു. അതേസമയം, ഇക്കാര്യത്തിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.