ചൈനയില്‍ വീണ്ടും കോവിഡ് തരംഗം: പടരുന്നത് ഡെല്‍റ്റ വകഭേദം
2019ന് ശേഷമുള്ള രണ്ടാമത്തെ വലിയ വ്യാപനമാണിതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
ചൈനയില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. 2019ന് ശേഷമുള്ള രണ്ടാമത്തെ വലിയ വ്യാപനമാണിതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
ജൂലൈയില്‍ 328 കോവിഡ് കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി മുതല്‍ ജൂലൈ വരെ ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗബാധയേക്കാള്‍ കൂടുതലാണിത്. ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പടരുന്നതെന്നും അതുകൊണ്ടുതന്നെ കോവിഡ് വ്യാപനം തടയുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് മി ഫെങ് അറിയിച്ചു. മഹാമാരിയായി പടരും മുന്‍പ് ഡെല്‍റ്റ വകഭേദത്തെ നിയന്ത്രണ വിധേയമാക്കണമെന്ന് ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് നിര്‍ദേശിച്ചതിനു പിന്നാലെയാണ് ചൈനയുടെ വിശദീകരണം.
നന്‍ജിങ് സിറ്റിയിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. വിമാനത്താവളത്തിലെ 9 ശുചീകരണ തൊഴിലാളികളില്‍ കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചു. ടൂറിസ്റ്റ് സീസണ്‍ കൂടിയായതിനാല്‍ വിമാനത്താവളങ്ങളില്‍ തിരക്ക് കൂടുതലാണ്. ഇതും വൈറസ് വ്യാപനത്തിന് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ പല പ്രദേശങ്ങളിലും കൂട്ടപ്പരിശോധന നടത്തുന്നുണ്ട്. പല പ്രദേശങ്ങളും ലോക്ക്ഡൌണിലേക്ക് പോയി.
കഴിഞ്ഞ നാലാഴ്ചക്കിടെ വിവിധ പ്രദേശങ്ങളിലെ കോവിഡ് കേസുകളിലുണ്ടായ ശരാശരി 80 ശതമാനം വര്‍ധനവും ഡെല്‍റ്റ വകഭേദം കാരണമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആദ്യമായി ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 132 രാജ്യങ്ങളില്‍ വകഭേദമെത്തി. കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയെന്ന റിപോർട്ടുകളും പുറത്തുവന്നു. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻപോക്സ് പോലെ പടരുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയിലെ വുഹാനില്‍ 2019 അവസാനത്തോടെയാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. മറ്റ് രാജ്യങ്ങള്‍ മഹാമാരിയോട് പൊരുതുമ്പോള്‍ ചൈന പതിയെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെയാണ് ചൈനയ്ക്ക് ഭീഷണിയായി ഡെല്‍റ്റ വകഭേദം പടരുന്നത്.