'ചൈനയിലെ കോവിഡ് സംബന്ധിച്ച കണക്കുവിവരങ്ങൾ പുറത്തുവിടണം'; ആവശ്യമുന്നയിച്ച് ലോകാരോഗ്യ സംഘടന
അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, തായ്വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്
ചൈനയിലെ കോവിഡ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തുവിടണമെന്നാവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. ലോക്ക്ഡൗണും ക്വാറന്റൈൻ നിയമങ്ങളും ചൈനയിൽ അവസാനിപ്പിച്ചിട്ടുണ്ട്. എങ്കിലും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടത്.
ഹോസ്പിറ്റലൈസേഷൻ, കോവിഡ് മരണങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ചൈനീസ് അധികൃതർ പുറത്തുവിടണമെന്നാണ് ഡബ്ല്യൂ.എച്ച്.ഒയുടെ ആവശ്യം. അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, തായ്വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് വരുന്ന യാത്രക്കാർ തങ്ങൾ രോഗബാധിതനല്ലെന്ന് രേഖാമൂലം അധികൃതരെ ബോധ്യപ്പെടുത്തണം.
കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പിന്തുണ നൽകാൻ തങ്ങൾ സന്നദ്ധരാണെന്ന് ലോകാരോഗ്യ സംഘടന ചൈനയെ അറിയിച്ചു. കോവിഡ് -19 പരിണാമത്തെക്കുറിച്ച് ചർച്ചചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം ചൊവ്വാഴ്ച യോഗം ചേരുന്നുണ്ട്. ഇതിലേക്ക് ചൈനീസ് അധികൃതരെ ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധത്തെ തുടർന്നാണ് ചൈനയിൽ പല കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞത്. വിരലിലെണ്ണാവുന്ന കേസുകൾ മാത്രം കണ്ടെത്തിയാൽ പോലും കർശനമായ ലോക്ക്ഡൗൺ, കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ കൂട്ട പരിശോധന, ക്വാറന്റൈൻ തുടങ്ങിയ നടപടികളാണ് ജനങ്ങളെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ പുനഃസ്ഥാപിച്ചു. തൊട്ടുപിന്നാലെ കേസുകളുടെ എണ്ണം വർധിച്ചത് ആഘാതം വർധിപ്പിക്കുകയാണുണ്ടായത്. പ്രതിദിനം 5,000 കേസുകൾ സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ചൈനീസ് സർക്കാർ വ്യക്തമാക്കുന്നത്. അത്തരം സംഖ്യകൾ വളരെ കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഈ കണക്കുകൾ വ്യാജമാണെന്നും പ്രതിദിനം ഒരു ദശലക്ഷത്തിനടുത്ത് കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നുണെന്നുമാണ് ആരോപണം. ഡിസംബറിൽ 13 കോവിഡ് മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ചൈനീസ് അധികൃതരുടെ വാദം. എന്നാൽ കോവിഡ്ബാധ മൂലം ചൈനയിൽ ഏകദേശം 9,000 ആളുകൾ പ്രതിദിനം മരിക്കുന്നുണ്ടെന്നാണ് യുകെ ആസ്ഥാനമായുള്ള ആരോഗ്യ ഡാറ്റാ സ്ഥാപനമായ എയർഫിനിറ്റിയുടെ ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.