ഗൽവാൻ താഴ്‌വരയിൽ ചൈനീസ് ദേശീയ പതാക; മോദി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി

പുതുവർഷ ദിനത്തിൽ ടിയാനൻമെൻ സ്‌ക്വയർ, ഹോങ്കോങ് സ്വയംഭരണ പ്രദേശം, ഗൽവാൻ താഴ്‌വര എന്നിവടങ്ങളിലും രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും ദേശീയ പതാക ഉയർത്തിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ്

Update: 2022-09-07 07:30 GMT
Editor : André | By : Web Desk
ഗൽവാൻ താഴ്‌വരയിൽ ചൈനീസ് ദേശീയ പതാക; മോദി മൗനം വെടിയണമെന്ന് രാഹുൽ ഗാന്ധി
AddThis Website Tools
Advertising

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം തങ്ങളുടെ ദേശീയ പതാക ഉയർത്തിയതായി റിപ്പോർട്ട്. പുതുവർഷ ദിനത്തിൽ രാജ്യത്തുടനീളം ദേശീയ പതാക ഉയർത്തുന്നതിന്റെ ഭാഗമായാണ് 'അഞ്ചു നക്ഷത്രങ്ങളടങ്ങിയ ചുവന്ന കൊടി' ഗൽവാനിൽ പ്രദർശിപ്പിച്ചതെന്ന് ചൈനീസ് മാധ്യമമായ ബി.ആർ.ഐയുടെ പ്രതിനിധി ഷെൻ ഷിവെയ് ട്വീറ്റ് ചെയ്തു. ഗൽവാനിലേതെന്ന് അവകാശപ്പെടുന്ന സൈനികരുടെ വീഡിയോ സഹിതമായിരുന്നു ട്വീറ്റ്.



ഗൽവാനിൽ ഇന്ത്യയുടെ ത്രിവർണ പതാകയാണ് കൂടുതൽ ചേരുകയെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.



പുതുവർഷ ദിനത്തിൽ ടിയാനൻമെൻ സ്‌ക്വയർ, ഹോങ്കോങ് സ്വയംഭരണ പ്രദേശം, ഗൽവാൻ താഴ്‌വര എന്നിവടങ്ങളിലും രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും ദേശീയ പതാക ഉയർത്തിയെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. പർവതത്തിന്റെ വശത്ത് ചൈനീസ് ഭാഷയിൽ 'ഒരിഞ്ചു ഭൂമിയും വിട്ടുനൽകില്ല' എന്നെഴുതിയതിനു താഴെയാണ് സൈനികർ പതാക ഉയർത്തിയതെന്നും മാതൃരാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുമെന്ന് സൈനികർ പ്രതിജ്ഞയെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

2020-ൽ അക്‌സയ് ചിൻ, ലഡാക് മേഖലയിലുള്ള ഗൽവാൻ നദിക്കു സമീപം ഇന്ത്യൻ - ചൈനീസ് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ലഡാക്കിലെ പ്രദേശങ്ങളിലേക്ക് കടന്നുകയറാനുള്ള ചൈനീസ് ശ്രമത്തെ ഇന്ത്യൻ സൈന്യം ചെറുത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം നടന്ന സൈനികതല ചർച്ചയിൽ സംഘർഷ മേഖലയിൽ നിന്ന് ഇരുസൈന്യങ്ങളും രണ്ട് കിലോമീറ്റർ പിന്മാറാൻ തീരുമാനമായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശമന്ത്രി വാങ് ജിയും തമ്മിൽ ഇവ്വിഷയകമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന മാറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗൽവാനിൽ ചൈനീസ് പതാക ഉയർത്തിക്കൊണ്ടുള്ള ചൈനീസ് നീക്കം പുതിയ പ്രകോപനം സൃഷ്ടിക്കാനുദ്ദേശിച്ചുള്ളതാണെന്നാണ് സൂചന. ചൈനയുടെ കടന്നുകയറ്റത്തിൽ കേന്ദ്രസർക്കാർ മൗനം പാലിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിൽ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യുകയാണെന്നും കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ആരോപിച്ചു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News