ലൈവ് ചെയ്യുന്നതിനിടെ മുൻ ഭാര്യയെ തീകൊളുത്തി കൊന്നു; ചൈനയിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി
ടിക് ടോക്ക് പോലെ ചൈനയിലെ മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഡൗയിനിൽ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ലാമു എന്ന 30 വയസ്സുകാരി കൊലപ്പെട്ടത്.
ബെയ്ജിങ്: ലൈവ് സ്ട്രീമിങ്ങിനിടെ മുൻഭാര്യയെ തീവച്ചു കൊന്നകേസിൽ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് താങ് ലു എന്ന യുവാവിന്റെ ശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി കുടുംബത്തെ ഒരുനോക്ക് കാണാൻ താങ് ലുവിന് കോടതി അനുമതി നൽകിയിരുന്നു.
ടിക് ടോക്ക് പോലെ ചൈനയിലെ മറ്റൊരു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഡൗയിനിൽ ലൈവ് ചെയ്തുകൊണ്ടിരിക്കെയാണ് ലാമു എന്ന 30 വയസ്സുകാരി കൊലപ്പെട്ടത്. 2020 ജൂണിൽ ഭർത്താവിന്റെ കടുത്ത പീഡനത്തെത്തുടർന്നാണ് താങ് ലുവിൽനിന്നു ലാമു വിവാഹമോചനം നേടിയത്. എന്നാൽ വീണ്ടും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് താങ്, ലാമുവിനെ നിരന്തം ശല്യം ചെയ്തുകൊണ്ടിരുന്നു.
ലാമു ദൈനംദിന കാര്യങ്ങൾ വിഡിയോയായി ഡൗയിനിലൂടെ പുറത്തുവിടുന്നത് താങ്ങിനെ ചൊടിപ്പിച്ചിരുന്നു. 2020 സെപ്റ്റംബറിൽ ലൈവ് ചെയ്യുന്നതിനിടെ താങ് പിന്നിലെത്തുകയും ലാമുവിന്റെ ദേഹത്ത് ഗ്യാസോലിൻ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.