ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവിനെതിരായ പീഡന ആരോപണം; നിലപാട് ആവർത്തിച്ച് ടെന്നീസ് താരം പെങ് ഷുവായി
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ നേതാവും മുൻ ചൈനീസ് ഉപപ്രധാനമന്ത്രിയുമായ ഷാങ് ഗാവോലിക്കെതിരെയാണ് കഴിഞ്ഞ നവംബറിൽ പെങ് ഷുവായി സമൂഹമാധ്യമത്തിൽ 'മീറ്റൂ' കുറിപ്പിട്ടത്
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തനായ നേതാവും മുൻ ചൈനീസ് ഉപപ്രധാനമന്ത്രിയുമായ ഷാങ് ഗാവോലിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് ടെന്നീസ് താരം പെങ് ഷുവായ്. ആർക്കെതിരെയും താൻ പീഡന ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പെങ് ആവർത്തിച്ചു.
'ലീക്വിപ്പ്' എന്ന ഫ്രഞ്ച് സ്‌പോർട്‌സ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് പെങ്ങിന്റെ വിശദീകരണം. തന്നെ ഏതെങ്കിലും തരത്തിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് താൻ ആർക്കെതിരെയും ആരോപണമുന്നയിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. സമൂഹമാധ്യമത്തിൽനിന്ന് കുറിപ്പ് ഡിലീറ്റ് ചെയ്തത് താൻ തന്നെയാണ്. സ്വന്തം താൽപര്യപ്രകാരമാണ് അത് ചെയ്തത്. കുറിപ്പിനു പിന്നാലെ പുറംലോകത്ത് വലിയ തോതിലുള്ള തെറ്റിദ്ധാരണ പരക്കുകയായിരുന്നു കുറിപ്പിന്റെ താൽപര്യം വളച്ചൊടിക്കുന്നത് ശരിയല്ലെന്നും പെങ് ഷുവായി കൂട്ടിച്ചേർത്തു.
ദിവസങ്ങളോളം പുറംലോകത്തുനിന്ന് അപ്രത്യക്ഷയായതായുള്ള വാർത്തകളും പെങ് തള്ളിക്കളഞ്ഞു. ''എന്റെ സുഹൃത്തുക്കളും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിൽനിന്നടക്കമുള്ള വ്യക്തികളുമെല്ലാം ഇക്കാര്യം എന്നോട് മെസേജ് ചെയ്ത് ചോദിച്ചിരുന്നു. എല്ലാ സന്ദേശങ്ങൾക്കും മറുപടി നൽകുക സാധ്യമായിരുന്നില്ല.''- അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബറിൽ ഒരു സിംഗപ്പൂർ മാധ്യമത്തോടാണ് പെങ് വിവാദത്തെക്കുറിച്ച് ആദ്യമായി പരസ്യപ്രതികരണം നടത്തിയത്. അന്നും ലൈംഗിക ആരോപണ വാർത്തകൾ അവർ തള്ളിക്കളഞ്ഞിരുന്നു. താൻ എവിടെയും പോയിട്ടില്ലെന്നും ആരോഗ്യവതിയാണെന്നും വ്യക്തമാക്കി. എന്നാൽ, ലോക ടെന്നീസ് അസോസിയേഷൻ പെങ്ങിന്റെ വിശദീകരണം പൂർണമായി വിശ്വസിക്കാനാകാത്തതാണെന്ന് ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിൽ 'മീറ്റൂ'; പിന്നാലെ തിരോധാനം
വിംബിൾഡൺ, ഫ്രഞ്ച് ഓപ്പൺ ഡബിൾസ് ചാംപ്യനും ഡബിൾസ് മുൻ ലോക ഒന്നാം നമ്പർ താരവുമാണ് പെങ് ഷുയി. കഴിഞ്ഞ നവംബറിലാണ് ചൈനയിലെ ടെന്നീസ് താരമായ പെങ് ഷുവായി ഷാങ് ഗാവോലിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയിലൂടെയായിരുന്നു ആരോപണം. ഉടൻതന്നെ കുറിപ്പ് അപ്രത്യക്ഷമായി. പിന്നാലെ പെങ്ങിനെ കാണാതാകുകയും ചെയ്തു.
പത്തുവർഷത്തോളം താനുമായി ഗാവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഗവോലി തന്നെ നിർബന്ധിച്ചെന്നുമാണ് വെയ്‌ബോ കുറിപ്പിൽ പെങ് ആരോപിച്ചത്. കുറിപ്പ് പുറത്തുവന്ന് 30 മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് അപ്രത്യക്ഷമായി. എല്ലാ സമൂഹമാധ്യമങ്ങളിൽനിന്നും ഇതിന്റെ സ്‌ക്രീൻഷോട്ട് അടക്കം നീക്കം ചെയ്യപ്പെട്ടു. പിന്നാലെ ദിവസങ്ങളോളം പെങ് പുറംലോകം കണ്ടില്ല.
ഇതിന്റെ വാർത്തകൾ പുറംലോകത്തെത്തിയതോടെ ടെന്നീസ് ലോകത്തുനിന്നാണ് ആദ്യമായി ആശങ്കകൾ പുറത്തുവന്നത്. വിമെൻസ് ടെന്നീസ് അസോസിയേഷൻ ചെയർപേഴ്സൺ സ്റ്റീവ് സിമോൺ പെങ്ങിൻറെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച് രംഗത്തെത്തി. പെങ് ഷുവായി സുരക്ഷിതയെന്നതിന് ചൈനയോട് തെളിവുകൾ ആവശ്യെപ്പെട്ട് ഐക്യരാഷ്ട്രസഭയും യു.എസും രംഗത്തുവന്നിരുന്നു. തിരോധാനത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ദിവസങ്ങൾ നീണ്ട തിരോധാനത്തിനുശേഷം നവംബർ അവസാനത്തിലാണ് പെങ്ങിന്റെ ചിത്രങ്ങൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടത്. പെങ് കോച്ചിനും സുഹൃത്തുക്കൾക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്. ദേശീയ ടൂർണമെന്റിൽ കളിക്കുന്ന താരത്തിന്റെ ചിത്രവും പിന്നാലെ ചൈനീസ് വൃത്തങ്ങൾ പുറത്തുവിട്ടിരുന്നു.
Summary: Chinese tennis star Peng Shuai repeats she never accused former Chinese Vice-Premier Zhang Gaoli of sexual assault