ബെത്‌ലഹേമിന് ഇക്കുറി ക്രിസ്മസില്ല; ഫലസ്തീനൊപ്പമെന്ന് വിശ്വാസികൾ
ആഘോഷത്തിന്റെ നക്ഷത്രങ്ങളും പുൽക്കൂടുകളും അലങ്കാരവിളക്കുകളുമൊന്നുമില്ലാതെ തെരുവുകൾ
ഫലസ്തീനിലെ നവജാത ശിശുക്കളെ പോലും കൊന്നൊടുക്കുന്ന ഇസ്രായേൽ ഭീകരതയിൽ പ്രതിഷേധിച്ചും ഫലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും ബെത്ലഹേമിൽ ഇക്കുറി ക്രിസ്മസില്ല. ഉണ്ണിയേശു പിറന്നെന്ന് പറയപ്പെടുന്ന ആ മണ്ണിൽ ഇക്കുറി ആഘോഷത്തിന്റെ നക്ഷത്രങ്ങളും പുൽക്കൂടുകളും അലങ്കാരവിളക്കുകളുമൊന്നുമില്ല.
റോഡുകൾ ശൂന്യം, കടകൾ അടഞ്ഞു കിടക്കുന്നു. നഗരത്തിന്റെ പ്രധാന കേന്ദ്രമായ മാങ്കർ സ്ക്വയറിലും ശ്മശാന മൂകതയാണ്. കുട്ടികളെയും സ്ത്രീകളെയും കൊന്നുതള്ളുന്ന ഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെയെങ്ങും പ്രാർഥനകൾ മാത്രം. ക്രിസ്മസ് ആഘോഷിക്കാൻ ഒഴുകിയെത്താറുള്ള വിനോദസഞ്ചാരികളും തീർത്ഥാടകരും ബെത്ലഹേമിന്റെ തെരുവുകളിലിക്കുറി പേരിന് മാത്രമെയെത്തുന്നുള്ളു.
പ്രധാന തീർത്ഥാടന കേന്ദ്രമായ ചർച്ച് ഓഫ് നേറ്റിവിറ്റിയിലും ആൾ തിരക്കുകളില്ല. ഗസ്സയിൽ നിന്ന് 70 ഓളം കിലോമീറ്റർ ദൂരമാണ് ബെത്ലഹേമിനുള്ളത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ഇസ്രായേൽ അവിടുത്തെ ജനങ്ങളുടെ സ്വാതന്ത്ര്യവും കവർന്നെടുത്തിരുന്നു. പലപ്പോഴും ബെത്‌ലഹേമിലെ ജനങ്ങളെയും ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചു.
ഗസ്സയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ആഘോഷങ്ങൾ ഉപേക്ഷിച്ചതെന്ന് സഭാ നേതാക്കളും സിറ്റി കൗൺസിലും പ്രഖ്യാപിച്ചു. ബെത്‌ലഹേമിലെ ജനതക്ക് ഗസ്സയിൽ കുടുംബബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളുമുള്ളവരാണ്. അത് കൊണ്ട് തന്നെ ഫലസ്തീനികളോട് ഞങ്ങൾക്ക് ഐക്യപ്പെടാതിരിക്കാനാവില്ല. ‘ഗസ്സയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിനാളുകളോടുള്ള ബത്ലേഹമിന്റെ ഐക്യദാർഡ്യം കൂടിയാണിതെന്നാണ്’ ദാറുൽ-കലിമ യൂനിവേഴ്‌സിറ്റിയുടെ ആർട്‌സ് ആൻഡ് കൾച്ചറൽ കോളേജിലെ റെക്ടർ ഡോ മിത്രി റാഹേബ് വിശേഷിപ്പിച്ചത്.
യുദ്ധഭീതിക്ക് പിന്നാലെ ജനങ്ങൾ ആഘോഷം ഉപേക്ഷിച്ചതോടെ തീർത്ഥാടകരെ കൊണ്ട് തിരക്കിലമരാറുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും കടകളുമെല്ലൊം അടഞ്ഞുകിടക്കുകയാണ്. ബെത്‌ലഹേമിലെ പള്ളികളിലും അവരുടെ ആഘോഷങ്ങൾ റദ്ദാക്കി പ്രാർത്ഥനകൾക്ക് മാത്രമായി തുറന്നുകൊടുത്തിരിക്കുകയാണ്.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചാഴ്ചയ്ക്കുള്ളിൽ 8,000-ത്തിലധികം കുട്ടികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 20,000 ലേറെ പേർ ആളുകാളണിതുവരെ കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.