പുട്ടിനെ വിമർശിച്ച റഷ്യൻ മോഡലിന്റെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ
ഇരുപത്തിമൂന്നുകാരിയായ ഗ്രെറ്റയുടെ മുൻകാമുകനായ ദിമിത്രി കോറോവിനാണ് കൊലയാളിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്
പുട്ടിനെ വിമർശിച്ചിരുന്ന റഷ്യൻ മോഡലായ ഗ്രെറ്റ വെഡ്ലറുടെ മൃതശരീരം സ്യൂട്ട്‌കേസിനുള്ളിൽ നിന്നു കണ്ടെത്തി. ഒരു വർഷമായി ഇവരെ കാണാതായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഗ്രെറ്റയുടെ മുൻകാമുകനായ ദിമിത്രി കോറോവിനാണ് കൊലയാളിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും കൊറോവിൻ കുറ്റസമ്മതം നടത്തി.
ഗ്രെറ്റയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊറോവിൻ, മൃതശരീരം മൂന്നു ദിവസം ഹോട്ടൽമുറിക്കുള്ളിൽ സൂക്ഷിച്ചു. ഈ സമയത്ത് കൊറോവിനും ഇവിടെയാണു കഴിഞ്ഞത്. ഇതിനു ശേഷം കൊറോവിൻ ഗ്രെറ്റയുടെ മൃതദേഹം പുതുതായി വാങ്ങിയ ഒരു സ്യൂട്ട്‌കേസ് പെട്ടിക്കുള്ളിലാക്കുകയും 450 കിലോമീറ്റർ അകലെയുള്ള റഷ്യൻ മേഖലയായ ലിപെറ്റ്‌സ്‌കിൽ എത്തിച്ച ശേഷം അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ഡിക്കിയിൽ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഒരു വർഷത്തോളം മൃതദേഹം ആ കാറിൽ കിടന്നു. കഴിഞ്ഞ ദിവസമാണ് ഇതു കണ്ടെത്തിയത്.
ഗ്രെറ്റയുടെ കൊലയ്ക്കു ശേഷം ആളുകൾ സംശയിക്കാതിരിക്കാനായി അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അവരുടെ പഴയ ചിത്രങ്ങൾ കൊറോവിൻ ഇടവേളകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ രീതിയിൽ ഗ്രെറ്റ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീതി കൊണ്ടുവരാൻ ഒരു വർഷത്തോളം കൊറോവിനു സാധിച്ചു. എന്നാൽ,ഗ്രെറ്റയുടെ ഉറ്റകൂട്ടുകാരനായ എവ്ജീനി ഫോസ്റ്റർക്ക് ഇതിനിടെ സംശയം ഉടലെടുത്തു. ഗ്രെറ്റയെ കാണാനില്ലെന്നും കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹമാണ് മോസ്‌കോയിൽ കേസ് നൽകിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പാണ് ഗ്രെറ്റ വെഡ്ലർ വ്‌ലാഡിമർ പുട്ടിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ശക്തമായ ഭാഷയിൽ വിമർശിച്ചത്. എതിർസ്വരങ്ങളെയും പ്രതിഷേധകാരെയും ഇരുമ്പു കൈ ഉപയോഗിച്ച് പുട്ടിൻ അടിച്ചമർത്തുന്നെന്നായിരുന്നു അവരുടെ ആരോപണം.