സമഗ്ര കുടിയേറ്റ നിയമം അനിവാര്യം: മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി

Update: 2022-10-09 19:08 GMT
Advertising

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് - യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം. നാട്ടില്‍ തന്നെ വികസനമൊരുക്ക് നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . നാട്ടിലും അവസരങ്ങള്‍ ഒരുക്കും. വിദ്യാഭ്യാസമേഖലയെ കൂടുതല്‍ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിന്റെ വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവാസികളുടെ, ആശയങ്ങളും പിന്തുണയും ലഭ്യമാക്കണമെന്നും മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ലണ്ടന്‍ സെന്റ് ജയിംസ് കോർട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

ലോക കേരള സഭ ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജും, പ്രവാസിമലയാളികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് മേഖലാ സമ്മേളനങ്ങളെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻ കുട്ടിയും പറഞ്ഞു.നോര്‍ക്ക റൂട്ട്‌സിനെ പ്രതിനിധീകരിച്ച് വൈസ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫലി, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, ഡയറക്ടര്‍മാരായ രവി പിളള, ഡോ. ആസാദ് മൂപ്പന്‍, ഒ.വി മുസ്തഫ, സി.വി റപ്പായി, ജെ.കെ മേനോന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല,സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം വെജ്ഞാനിക സമൂഹ നിര്‍മ്മിതിയും പ്രവാസ ലോകവും എന്ന വിഷയത്തിൽ സംസ്ഥാന പ്ലാനിങ് ബോര്‍ഡ്വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രനും പ്രവാസി സമൂഹവും സംഘടനകളും എന്ന വിഷയത്തിൽ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും നവകേരള നിര്‍മ്മിതി- പ്രതീക്ഷകളും സാധ്യതകളും എന്ന വിഷയത്തിൽസംസ്ഥാന ആസൂത്രണ ബോര്‍ഡഗം ഡോ. കെ. രവിരാമനും

യൂറോപ്യന്‍ കുടിയേറ്റം -അനുഭവങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി എം.മുഹമ്മദ് ഹനീഷും വിഷയാവതരണങ്ങൾ നടത്തി. യൂറോപ്പ് -യു.കെ. മേഖലയില്‍ നിന്നുളള ലോക കേരള സഭ പ്രതിനിധികള്‍, മറ്റ് മലയാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുളളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വര്‍ധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങള്‍ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്ങ്ങള്‍കൂടി കേള്‍ക്കുക എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനില്‍ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ല്‍ യുഎഇ -ല്‍ നടന്നിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News