നെതന്യാഹുവിനെ അറസ്​റ്റ്​ ചെയ്യുമെന്ന് വിവിധ​ രാജ്യങ്ങൾ; പ്രതിസന്ധിയിൽ ഇസ്രായേൽ

124 രാജ്യങ്ങളാണ്​ അന്താരാഷ്​ട്ര ക്രിമിനൽ കോടതിയിൽ അംഗങ്ങളായിട്ടുള്ളത്​

Update: 2024-11-22 04:54 GMT
Advertising

ആംസ്​റ്റർഡാം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറിനും എതിരെ അന്താരാഷ്​ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചതോടെ ഇസ്രായേൽ പ്രതിസന്ധിയിൽ​. തങ്ങളുടെ നാട്ടിൽ​ പ്രവേശിച്ചാൽ ഇവരെ അറസ്​റ്റ്​ ചെയ്​ത്​ കോടതിക്ക്​ കൈമാറുമെന്ന്​ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചു​. ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദൈഫിനെതിരെയും അറസ്​റ്റ്​ വാറൻറുണ്ട്​.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് നെതന്യാഹുവിനും ഗാലൻറുമെതിരായ ഐസിസിയുടെ​ നടപടി. ഇസ്രായേൽ കോടതിയുടെ ഭാഗമല്ല. എന്നാൽ, ഇതി​ൽ അംഗമായ രാജ്യങ്ങൾ ഈ ഉത്തരവ്​ നടപ്പാക്കാൻ ബാധ്യസ്​ഥരാണ്​.

ഐസിസി സ്​ഥാപിച്ച റോം ചട്ടത്തിൽ ആറ്​ ഭൂഖണ്ഡങ്ങളിലായി 124 രാജ്യങ്ങളാണുള്ളത്​. ഈ രാജ്യങ്ങൾ അറസ്​റ്റ്​ വാറൻറ്​ നടപ്പാക്കാൻ ബാധ്യസ്​ഥരാണെന്ന്​ അന്താരാഷ്​ട്ര മനുഷ്യാവകാശ ​അഭിഭാഷകൻ ജോനാഥൻ കുട്ടബ്​ പറയുന്നു. ‘ജനങ്ങൾ അത്​ അനുസരിക്കുമെന്ന അനുമാനത്തിലാണ്​ നിയമം പ്രവർത്തിക്കുന്നത്​. അങ്ങനെയാണ്​ എല്ലാ നിയമങ്ങളും ഉണ്ടാക്കിയിട്ടുള്ളത്​. എല്ലാവരും നിയമത്തെ മാനിക്കുമെന്ന്​​ പ്രതീക്ഷിക്കാം. നിയമത്തെ മാനിക്കാത്തത്​ നിയമം ലംഘിക്കുന്നതിന്​ തുല്യമാണ്​’ -ജോനാഥൻ കുട്ടബ്​ അൽ ജസീറയോട്​ പറഞ്ഞു.

കോടതിയുടെ അറസ്​റ്റ്​ വാറൻറിനെ രാജ്യങ്ങൾ അവഗണിക്കില്ലെന്നാണ്​ പ്രതികരണങ്ങളിൽനിന്ന്​ ലഭിക്കുന്ന സൂചന. ഇസ്രായേലി​െൻറ പല സഖ്യകക്ഷികളും, പ്രത്യേകിച്ച്​ യൂറോപ്യൻ യൂനിയനടക്കം അറസ്​റ്റ്​ വാറൻറ്​ നടപ്പാക്കാൻ ബാധ്യസ്​ഥരാണെന്ന്​ അറിയിച്ചിട്ടുണ്ട്​.

അതിനാൽ തന്നെ നേരത്തേത്​ പോലെ സ്വതന്ത്രമായി യാത്ര ചെയ്യാൻ ഇനി നെതന്യാഹുവിന്​ സാധ്യമാകില്ലെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, അമേരിക്കയും കോടതിയുടെ ബാധകമല്ല. അതിനാൽ തന്നെ ഇവിടേക്ക്​​ ഇരുവരും പോയാലും അവരെ അറസ്​റ്റ്​ ചെയ്​ത്​ കൈമാറില്ല.

സ്വന്തമായി പൊലീസില്ലാത്തതിനാൽ ഐസിസിക്ക്​ നേരിട്ട്​ ഇവരെ അറസ്​റ്റ്​ ചെയ്യാനാകി​ല്ല എന്നതാണ്​ മറ്റൊരു കാര്യം. 2023ൽ യുക്രെയ്​ൻ അധിനിവേശത്തി​െൻറ പേരിൽ റഷ്യൻ പ്രസിഡൻറ്​ വ്​ളാദിമിർ പുടിന്​ നേരെയും കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചിട്ടുണ്ട്​. എന്നാൽ, പുടിനെ ഇതുവരെ അറസ്​റ്റ്​ ചെയ്യാൻ സാധിച്ചിട്ടില്ല.

അറസ്​റ്റ്​ ചെയ്​ത്​ ഹാജരാക്കിയാൽ കോടതിക്ക്​ വിചാരണ തുടങ്ങാനാകും. അറസ്​റ്റ്​ നടന്നില്ലെങ്കിൽ വിചാരണയുമുണ്ടാകില്ല​. കുറ്റവാളികളുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്യാൻ കോടതിക്ക്​ അധികാരമില്ല.

യൂറോപ്പിൽനിന്ന്​ 42 രാജ്യങ്ങൾ

ഐസിസിയിൽ അംഗമായ 124 രാജ്യങ്ങളിൽ ഏറ്റവും കൂടുതലുള്ളത്​ യൂറോപ്പിൽനിന്നാണ്​, 42. ആഫ്രിക്കയിൽനിന്ന്​ 33ഉം ഏഷ്യ പസഫിസ്​ മേഖലയിൽനിന്ന്​ 20ഉം തെക്കൻ അമേരിക്കയിൽനിന്നായി 29 രാജ്യങ്ങളും ഇതി​െൻറ ഭാഗമാാണ്​. ഇന്ത്യ ഇതി​െൻറ ഭാഗമല്ല.

യുകെ, ഫ്രാൻസ്​, ജർമനി, ഇറ്റലി, സ്വീഡൻ, സ്​പെയിൻ, സ്വിറ്റ്​സർലൻഡ്​, നെതർലൻഡ്​സ്​ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം നെതന്യാഹു സന്ദർശിച്ചാൽ അറസ്​റ്റ്​ ചെയ്യാൻ സാധിക്കും. ഇസ്രായേലി​െൻറ അയൽരാജ്യങ്ങളായ ഫലസ്​തീൻ, ജോർഡൻ എന്നിവയും ഇതിൽ ഉൾപ്പെടും. 2002ൽ സ്​ഥാപിതമായ ഐസിസിയിൽ 2015ലാണ്​ ഫലസ്​തീൻ അംഗമാകുന്നത്​.

ഐസിസിയുടെ അറസ്​റ്റ്​ വാറൻറിനെ ഇസ്രായേലും അമേരിക്കയും എതിർത്തപ്പോൾ, പിന്തുണച്ച്​ നിരവധി രാജ്യങ്ങളാണ്​ രംഗത്തുവന്നിട്ടുള്ളത്​. ഐസിസിയുടെ വിധി മാനിക്കുകയും നടപ്പാക്കുകയും വേണമെന്ന്​ ജോർഡൻ വിദേശകാര്യ മന്ത്രി അയ്​മൻ സഫാദി പറഞ്ഞു. ഫലസ്​തീൻ നീതി അർഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

എല്ലാവരും അന്താരാഷ്​ട്ര നിയമങ്ങൾ പാലിക്കുക എന്നത്​​ നിർബന്ധമാണെന്ന്​ കനേഡിയൻ പ്രധാനമന്ത്രി ജസ്​റ്റിൻ ട്രൂ​ഡോ പറഞ്ഞു. അന്താരാഷ്​ട്ര വിധികൾ കാനഡ പാലിക്കുമെന്നും അദ്ദേഹം പറയുന്നു. ഐസിസിയുടെ ഭാഗമായ രാജ്യം കൂടിയാണ്​ കാനഡ.

കോടതി തീരുമാനത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരും സ്വാഗതം ചെയ്​തു. ഫലസ്​തീനിലെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും അപ്പുറം നീതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന്​ ദക്ഷിണാഫ്രിക്ക വ്യക്​തമാക്കി. അന്താരാഷ്​ട്ര നിയമങ്ങളോടുള്ള പ്രതിബദ്ധത തങ്ങൾ നിലനിർത്തും. നിയമവാഴ്​ച ഉയർത്തിപ്പിടിക്കാനും മനുഷ്യാവകാശ ലംഘനങ്ങൾക്ക്​ ഉത്തരവാദിത്തം ഉറപ്പാക്കാനും ആഗോള സമൂഹത്തോട്​ ആവശ്യപ്പെടുകയാണെന്നും പ്രസ്​താവനയിൽ കൂട്ടിച്ചേർത്തു.

ഐസിസിയുടെ വാറൻറ്​ രാഷ്​ട്രീയ പ്രേരിതമല്ലെന്നും അത്​ നടപ്പാക്കുകയും മാനിക്കുകയും വേണമെന്നും യൂറോപ്യൻ യൂനിയ​െൻറ വിദേശനയ തലവൻ ജോസഫ്​ ബോറെൽ വ്യക്​തമാക്കി. യൂറോപ്യൻ യൂനിയനിലെ എല്ലാ അംഗങ്ങളും അറസ്​റ്റ്​ വാറൻറ്​ നടപ്പാക്കാൻ ബാധ്യസ്​ഥരാണെന്നും അദ്ദേഹം പറഞ്ഞു. നെതന്യാഹുവും ഗാലൻറും തങ്ങളുടെ രാജ്യത്ത്​ എത്തിയാൽ അറസ്​റ്റ്​ ചെയ്​ത്​ കൈമാറുമെന്ന്​ സ്വിറ്റ്​സർലൻഡും അറിയിച്ചു. നെതർലാൻഡ്​സ്​, ഫ്രാൻസ്​, നോർവേ, സ്വീഡൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളും അറസ്​റ്റ്​ വാറൻറിനെ അനകൂലിച്ചുകൊണ്ട്​ രംഗത്തുവന്നിട്ടുണ്ട്​. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News