‘അദ്ദേഹത്തിന്റെ മരണം വെറുതെയാകില്ല’; ഇസ്രായേൽ എംബസിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത സൈനികന് അനുശോചനപ്രവാഹം

‘ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ആധുനിക കാലത്ത് ഒരു വംശഹത്യ അരങ്ങേറുന്നത് വീക്ഷിക്കുകയാണ്’

Update: 2024-02-27 14:25 GMT
Advertising

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മരിച്ച യു.എസ് വ്യോമസേന ഉദ്യോഗസ്ഥന് അനുശോചനം ​അറിയിച്ച് നിരവധി പേർ വാഷിങ്ടണിലെ ഇസ്രായേലി എംബസിക്ക് മുന്നിലെത്തി. ആരോൺ ബുഷ്നെൽ (25) ആണ് കഴിഞ്ഞദിവസം ഇസ്രായേലി എംബസിക്ക് മുന്നിൽ സൈനിക യൂനിഫോമിലെത്തി ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മരണം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ ആക്രമണവുമായി ബന്ധപ്പെട്ട നിലപാടിൽ മാറ്റമു​ണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുശോചനവുമായി രംഗത്ത് വന്നവർ അറിയിച്ചു. ജൂതരടക്കമുള്ള നിരവധി പേർ അനുശോചനത്തിൽ പ​ങ്കെടുത്തു. ഫലസ്തീൻ പതാകയേന്തിയാണ് പലരും ചടങ്ങിനെത്തിയത്.

ഏകദേശം 300ഓളം പേരാണ് പരിപാടിയിൽ പ​ങ്കെടുത്തതെന്ന് ഒരു രഹസ്യ സർവീസ് ഓഫിസർ വ്യക്തമാക്കി. ഒത്തുചേരൽ മൂന്ന് മണിക്കൂറിലധികം നേരം നീണ്ടുനിന്നു. ബുഷ്നെലിന്റെ മരണം വെറുതയാകില്ലെന്ന് വിശ്വസിക്കുന്നതിനാലാണ് താൻ ഒഹായോയിൽനിന്ന് ഇവിടെ എത്തിയതെന്ന് മുൻ ആർമി ഇന്റലിജൻസ് ഓഫീസറായ ജോസഫിൻ ഗിൽബ്യൂ പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദേശം പുറത്തുവരേണ്ടതുണ്ട്. ആരോണിനെ പോലുള്ള സമാന ചിന്താഗതിയുള്ളവരെ പിന്തുണക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.

ഒരു വംശഹത്യയെ നമ്മൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? നമ്മുടെ ജീവിതത്തിൽ ഇ​തുപോലൊന്ന് മുമ്പ് കണ്ടിട്ടില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരാളും ആധുനിക കാലത്ത് ഒരു വംശഹത്യ അരങ്ങേറുന്നത് വീക്ഷിക്കുകയാണ് -ജോസഫിൻ കൂട്ടിച്ചേർത്തു.

ഫലസ്തീൻ ജനതക്കായി അതിതീവ്രമായ നിലയിൽ ഐക്യദാർഢ്യം അർപ്പിക്കുന്നവർക്ക് പിന്തുണ നൽകൽ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഫലസ്തീൻ അമേരിക്കക്കാരി ലിയ വ്യക്തമാക്കി. ബുഷ്നെലിന്റെ മരണം യുദ്ധത്തിന്റെ ഗതിമാറ്റുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

ബുഷ്നെലിന്റെ പ്രതിഷേധം തീവ്രമായ ഒരു പ്രവൃത്തിയാണ്, പക്ഷേ അത് ധാർമികതയുടെ ഭാഗം കൂടിയാണെന്ന് വിർജീനയയിലെ അന്നൻഡേലിൽ താമസിക്കുന്ന 22കാരി ജെന്നി റോസ്മേരി പറഞ്ഞു. ആളുകൾ കഷ്ടപ്പെടുന്നതിന്റെയും മരിച്ചുവീഴുന്നതിന്റെയും വീഡിയോകൾ അധികൃതർക്ക് കാണാതിരിക്കാൻ കഴിയില്ല. സൈന്യത്തിലുള്ള ഒരാൾക്കെങ്കിലും അതിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും റോസ്മേരി പറഞ്ഞു.

ഞായറാഴ്ച ഉച്ചക്കുശേഷമാണ് ഇസ്രായേൽ എംബസിക്ക് മുന്നിൽ ബുഷ്നെൽ സ്വയം തീകൊളുത്തിയത്. ഇയാളെ ആശുപത്രിയിൽ എത്തിച്ച​പ്പോഴേക്കും മരണം സംഭവിച്ചിരുന്നു. താൻ ഇനി വംശഹത്യയിൽ പങ്കാളിയാകില്ല. താൻ അങ്ങേയറ്റം തീവ്രമായ പ്രതിഷേധത്തിൽ ഏർപ്പെടാൻ പോവുകയാണ്. അതേസമയം, ഫലസ്തീനികൾ ഇസ്രായേൽ അധിനിവേശത്തിൽനിന്ന് അനുഭവിക്കുന്ന ദുരിതവുമായി താരതമ്യം ചെയ്യ​ുമ്പോൾ തന്റേത് ഒട്ടും തീവ്രമല്ലെന്നും ബുഷ്നെൽ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകിയ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ’ എന്ന് ആവർത്തിച്ച് പറഞ്ഞാണ് അദ്ദേഹം തീകൊളുത്തിയത്.

വ്യോമസേനയുടെ രഹസ്യാന്വേഷണ വിഭാഗത്തിൽ സൈബർ ഡിഫൻസ് ഓപ്പറേഷൻ സ്പെഷലിസ്റ്റായിരുന്നു ആരോൺ ബുഷ്നെൽ. കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനീയറിങ് ബിരുദം നേടിയ ഇദ്ദേഹത്തിന് കോഡുകൾ ഉപയോഗിച്ച് സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും അഭിനിവേശവും ഉണ്ടായിരുന്നു. കൂടാതെ 2020 നവംബറിൽ എയർഫോഴ്‌സിൻ്റെ അടിസ്ഥാന പരിശീലനത്തിൽ ‘ടോപ്പ് ഓഫ് ക്ലാസ്’ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News