കോവിഡ് വാക്സിന്‍ വിറ്റ് നേട്ടമുണ്ടാക്കിയത് ഒമ്പതു കോടീശ്വരന്മാര്‍; പീപ്പിൾസ് വാക്സിൻ അലയന്‍സ് റിപ്പോര്‍ട്ട്
ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായാണ് പീപ്പിൾസ് വാക്സിൻ അലയൻസ് അംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചത്.
കോവിഡ് മഹാമാരി ലോകത്താകമാനം പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതുതായി ചേര്‍ക്കപ്പെട്ടത് ഒമ്പതു പേരെന്ന് റിപ്പോര്‍ട്ട്. കോവിഡ് വാക്സിൻ വിറ്റ് ശതകോടീശ്വരൻമാരായവരുടെ വിവരങ്ങൾ പീപ്പിൾസ് വാക്സിൻ അലയന്‍സാണ് പുറത്തുവിട്ടത്.
ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായാണ് വാക്സിനായി പ്രചാരണം നടത്തുന്ന സംഘടനകളുടെയും പ്രവർത്തകരുടെയും കൂട്ടായ്മയായ പീപ്പിൾസ് വാക്സിൻ അലയൻസ് അംഗങ്ങള്‍ കോടീശ്വരൻമാരുടെ കണക്കുകൾ ശേഖരിച്ചത്. ഇതുപ്രകാരം, കോവിഡില്‍ ഇവരുടെ ആസ്തി 19.3 ബില്യൺ ഡോളറായാണ് ഉയർന്നത്. ഈ പണമുപയോഗിച്ച് ദരിദ്രരാജ്യങ്ങളിലെ മുഴുവൻ ആൾക്കാരെയും 1.3 തവണ വാക്സിനേറ്റ് ചെയ്യാമെന്നും പീപ്പിൾസ് വാക്സിൻ അലയൻസ് വെളിപ്പെടുത്തുന്നു.
മോഡേണയുടെ സി.ഇ.ഒ സ്റ്റീഫൻ ബാൻസെൽ, ബയോഎന്‍ടെക് സി.ഇ.ഒയും സഹസ്ഥാപകനുമായ ഉഗുർ സാഹിൻ, ഇമ്യൂണോളജിസ്റ്റും മോഡേണയുടെ സ്ഥാപക നിക്ഷേപകനുമായ തിമോത്തി സ്പ്രിംഗർ, മോഡേണയുടെ ചെയർമാൻ നൗബർ അഫിയാൻ എന്നിവരടങ്ങുന്നതാണ് ഒമ്പതു ശതകോടീശ്വരൻമാരുടെ പട്ടിക.
കോവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും അദാർ പൂനവാലെയുടെ പിതാവുമായ സൈറസ് പൂനവാലെയുടെ വരുമാനത്തിലും വൻ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 8.2 ബില്യൺ ഡോളറായിരുന്നുവെങ്കിൽ 2021 ൽ അദ്ദേഹത്തിന്‍റെ ആസ്തി 12.7 ബില്യൺ ഡോളറായാണ് ഉയർന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ജീവൻ നിലനിർത്താൻ വേണ്ടി ജനം എന്തു വില നൽകാനും ശ്രമിക്കുമെന്നുള്ള ഉറപ്പാണ് ഈ കെട്ടകാലത്തും കൊള്ളലാഭം നേടാൻ കുത്തകകളെ പ്രേരിപ്പിക്കുന്നത്. ലോക ജനങ്ങളുടെ പണം കൊണ്ടാണ് ഇവർ കോടീശ്വരൻമാരാകുന്നതെന്നും പീപ്പിൾസ് വാക്സിൻ അലയൻസ് കുറ്റപ്പെടുത്തി.
വാക്സിൻ എന്നത് പണസമ്പാദനത്തിനുള്ള മാർഗം മാത്രമാകരുത്. നന്മയായിരിക്കണം അതിനു പിന്നിലെ ഘടകം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് വലിയവില നൽകി വാക്സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ട്. വാക്സിൻ ഉത്പാദന രംഗത്തെ കുത്തകവത്കരണം അവസാനിപ്പിച്ചാലെ അതിനു പരിഹാരമുണ്ടാകുവെന്നും പീപ്പിൾസ് വാക്സിൻ അലയൻസ് വാദിച്ചു.