കോവിഡ് 19; വരും വര്‍ഷങ്ങളില്‍ കുട്ടികളുടെ അസുഖമായി മാറിയേക്കാമെന്ന് പഠനം
മുതിർന്നവർ പ്രതിരോധ കുത്തിവെപ്പിലൂടെയോ വൈറസ് ബാധിച്ചതിലൂടെയോ പ്രതിരോധശേഷി നേടുന്നതിനാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറുമെന്നാണ് യു.എസ്- നോർവീജിയന്‍ സംഘത്തിന്റെ പഠനം തെളിയിക്കുന്നത്.
ഏതാനും വർഷത്തിനകം കോവിഡ് 19 വൈറസ് ജലദോഷമുണ്ടാക്കുന്ന സാധാരണ വൈറസുകളെപ്പോലെ മാറിയേക്കാമെന്ന് പഠനം. കുട്ടികളിലായിരിക്കും ഭാവിയില്‍ വൈറസ്ബാധ സാധാരണമായി കണ്ടുവരികയെന്നും യു.എസ്- നോർവീജിയന്‍ സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഇതര കൊറോണ - ഇൻഫ്ലുവൻസ വൈറസുകളില്‍ ഇത്തരം മാറ്റങ്ങൾ കാണപ്പെട്ടിട്ടുണ്ടെന്നും അവ സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ടെന്നും അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇതിനുദാഹരണമായി 1889-1890 കാലയളവില്‍ പടര്‍ന്നു പിടിച്ച, ഒരു ദശലക്ഷം ആളുകളുടെ ജീവന് കവര്‍ന്ന, റഷ്യൻ ഫ്ലൂവിനെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മുതിർന്നവർ പ്രതിരോധ കുത്തിവെപ്പിലൂടെയോ വൈറസ് ബാധിച്ചതിലൂടെയോ പ്രതിരോധശേഷി നേടുന്നതിനാൽ അണുബാധയുടെ സാധ്യത ചെറിയ കുട്ടികളിലേക്ക് മാറുമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് നോർവേയിലെ ഓസ്ലോ സർവകലാശാലയിലെ ഗവേഷകന് ഒട്ടാർ ജോൺസ്റ്റഡ് ചൂണ്ടിക്കാട്ടി.
വൈറസ് പടർന്നുപിടിക്കുകയാണെങ്കിലും കുട്ടികളിൽ കോവിഡിന്റെ തീവ്രത പൊതുവേ കുറവായതിനാൽ രോഗം കൊണ്ടുണ്ടാവുന്ന ആഘാതം കുറവായിരിക്കുമെന്നും പഠനസംഘം വ്യക്തമാക്കുന്നു. അതേസമയം, രോഗപ്രതിരോധം കുറയുകയാണെങ്കിൽ മുതിർന്നവരിൽ രോഗത്തിന്റെ ആഘാതം കൂടുതലായി തുടരുമെന്നും പഠനം മുന്നറിയിപ്പു നല്കുന്നു.