ച്യുയിംഗം കഴിച്ച് കോവിഡ് തടയാം; കണ്ടെത്തലുമായി ഗവേഷകർ

ച്യുയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ

Update: 2021-12-04 16:15 GMT
Advertising

സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ച്യുയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ. വളരെ കുറഞ്ഞ ചെലവിലുള്ള ച്യുയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ. ഹെൻട്രി ഡാനിയേലിന്റെ നേതൃത്വത്തിൽ പെൻസ് സ്‌കൂൾ ഓഫ് ഡെൻറൽ മെഡിസിൻ, പെറേൽമാൻ സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് സ്‌കൂൾ വെറ്റിനറി മെഡിസിൻ, ദി വിസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട്, ഫ്രാൻഹോഫർ യുഎസ്എ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് കൗതുകമുണർത്തുന്ന കണ്ടെത്തൽ നടത്തിയത്. മോളിക്യുലാർ തെറാപ്പിയെന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധിതരുടെ ഉമിനീർ സാംപിളുകൾ എസിഇ2 ഗമ്മുമായി ചേർത്ത് നടത്തിയ പഠനമാണ് കണ്ടെത്തലിന് വഴിയൊരുക്കിയത്. ഈ പഠനത്തിൽ വൈറൽ ആർഎൻഎ ലെവൽ കണ്ടെടത്താൻ കഴിയാത്തതരത്തിൽ കുറയുകയായിരുന്നു. ഇതാണ് എസിഇ2 ഗം ഉപയോഗിച്ച് കോവിഡ് വൈറസ് കുറയ്ക്കാമെന്ന കണ്ടെത്തലിന് സഹായിച്ചത്. കോശങ്ങളിലേക്ക് വൈറസ് കടക്കുന്നതിനെ ച്യുയിഗം തടയുന്നതായും ഇവരുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ഒരു ക്ലിനിക്കൽ പരിശോധന നടത്താനുള്ള അനുമതി തേടുകയാണ് ഈ ഗവേഷക സംഘം.

'ഉമിനീരിലെത്തുന്ന കോവിഡ് വൈറസ് പെരുകുകയും തുമ്മൽ, കഫം, സംസാരം എന്നിവയിലൂടെ പകരുകയുമാണ് ചെയ്യുന്നത്. ച്യൂയിംഗം ഉമിനീരിലെ വൈറസിനെ നിർവീര്യമാക്കുകയും രോഗബാധയുടെ സ്രോതസ്സിനെ ഇല്ലാതാക്കുകയുമാണ് ചെയ്യുന്ന്'' ഡാനിയേൽ പറഞ്ഞു.

വാക്‌സിനേഷൻ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുണ്ട്. എന്നാൽ രോഗ പടരുന്നത് തടയാൻ സഹായിക്കുന്നില്ല. പൂർണമായി വാക്‌സിൻ സ്വീകരിച്ചവർക്ക് പോലും രോഗമുണ്ടാകുന്നു. വാക്‌സിൻ സ്വീകരിക്കാത്തവരെ പോലെ തന്നെ ഇവരും വൈറസ് വാഹകരാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പഠനം പ്രസക്തമാകുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News