'നയതന്ത്രജ്ഞരെ വിരട്ടാനുള്ള ഭീരുത്വമായ ശ്രമം'; കാനഡയിൽ ക്ഷേത്രം ആക്രമിച്ചതിനെ അപലപിച്ച് പ്രധാനമന്ത്രി
കാനഡ നിയമവാഴ്ച ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച പ്രധാനമന്ത്രി, നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
ന്യൂഡൽഹി: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാനഡ നിയമവാഴ്ച ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച പ്രധാനമന്ത്രി, നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം:
കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇന്നുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. മനപ്പൂർവമായ ആക്രമണമാണത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനുള്ള ഭീരുത്വമായ ശ്രമം അങ്ങേയറ്റം മ്ലേച്ഛമായിരിക്കുന്നു. അത്തരം അക്രമങ്ങൾക്കൊന്നും ഇന്ത്യയുടെ നിശ്ചയദാർഢ്യം തകർക്കാനാവില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്നും നിയമവാഴ്ച ഉയർത്തി പിടിക്കുമെന്നും കരുതുന്നു.
ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്. തീവ്രവാദികളും വിഘടനവാദികളും അഴിച്ചു വിട്ട ആക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രസ്താവന. ആരാധനാലയങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ട ഇന്ത്യ പൗരന്മാരുടെ സുരക്ഷയിൽ ആശങ്കയും പ്രകടിപ്പിച്ചു.
ബ്രാംപ്ടണിലെ ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് ആക്രമണമുണ്ടായത്. ക്ഷേത്ര പരിസരത്ത് ഖലിസ്ഥാൻ പതാകകളുമായി അതിക്രമിച്ചു കയറിയ സിഖ് വംശജർ കുട്ടികളെയടക്കം ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.