'അതെന്‍റെ ആശുപത്രിയാണ്, എനിക്കവരെ സഹായിക്കാന്‍ കഴിഞ്ഞില്ല'; റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ യുക്രൈന്‍ ഡോക്ടര്‍
യുക്രൈന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ തിങ്കളാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 41 പേരാണ് മരിച്ചത്
കിയവ്: റഷ്യയുടെ മിസൈലുകള്‍ യുക്രൈനിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് പതിക്കുമ്പോള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ അടിയന്തര ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഡോ. ഇഹോർ കൊളോഡ്ക. ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്താനാവാതെ ഡോക്ടറും സംഘവും കുഴങ്ങി. ആക്രമണത്തില്‍ ഇഹോറിന്‍റെ നെറ്റിയില്‍ പരിക്കേറ്റു. ഒരു സഹപ്രവര്‍ത്തകന്‍റെ സഹായത്തോടെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. യുക്രൈന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ തിങ്കളാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 41 പേരാണ് മരിച്ചത്.
''ഞാന്‍ നിസ്സഹായനായിരുന്നു. അതെന്‍റെ ആശുപത്രിയാണ്, എന്‍റെ രോഗികള്‍...ഞാനൊരു ഡോക്ടറാണ്'' ഇഹോര്‍ വിങ്ങലോടെ പറഞ്ഞു. മൂന്ന് വർഷത്തിലേറെയായി ഒഖ്മത്ഡിറ്റ് ആശുപത്രിയില്‍ കൊളോഡ്ക ജോലി ചെയ്യുന്നു. താൻ ഓപ്പറേഷൻ ചെയ്തിരുന്ന പെൺകുഞ്ഞ് സുഖമായിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയക്കിടെ വൈദ്യുതി നിലച്ചതോടെ ഓപ്പറേഷന്‍ നിർത്തിവയ്ക്കേണ്ടി വന്നു. കുട്ടിയുടെ ശ്വാസം നിലനിർത്താൻ ഡോക്ടർമാർ മാനുവൽ റെസ്പിറേറ്റർ ഉപയോഗിച്ചു. തുടർന്ന് പെണ്‍കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യ വ്യക്തമാക്കി. എന്നാല്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഡോക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് കുട്ടികളടക്കം 16 പേര്‍ക്ക് പരിക്കേറ്റു. മെയിൻ ഹോസ്പിറ്റലിൽ നിന്ന് 150 വാര അകലെയുള്ള രണ്ട് നിലകളുള്ള ആശുപത്രി കെട്ടിടത്തിന് വലിയ കേടുപാടുകൾ സംഭവിച്ചു. സൈറണുകൾ മുഴങ്ങിയപ്പോൾ, മെഡിക്കൽ ജനാലകള്‍ക്ക് സമീപമുണ്ടായിരുന്ന രോഗികളെ ആശുപത്രി ഇടനാഴികളിലേക്ക് മാറ്റിയിരുന്നു. എന്നാൽ സ്‌ഫോടനത്തിനു ശേഷം ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ ഹാളില്‍ കണ്ടതായി മറ്റൊരു ഡോക്ടര്‍ പറഞ്ഞു. ആക്രമണമുണ്ടായപ്പോള്‍ മാതാപിതാക്കള്‍ പിഞ്ചുകുഞ്ഞുങ്ങളെയും കയ്യിലേന്തി ആശുപത്രിക്ക് പുറത്തേക്ക് ഓടുന്നത് കാണാമായിരുന്നു.
നാൽപ്പതിലേറെ മിസൈലുകളാണ് അഞ്ച് യുക്രൈന്‍ നഗരങ്ങളിലേക്ക് റഷ്യൻ സേന തൊടുത്തത്. റഷ്യയുടെ അത്യാധുനിക മിസൈലുകളിൽ ഒന്നായ കിൻസാൻ ഹൈപ്പർ സോണിക് മിസൈലാണ് പ്രയോഗിച്ചത്. പാർപ്പിട സമുച്ചയങ്ങളിലും സർക്കാർ ഓഫീസുകളിലും മിസൈലുകൾ പതിച്ചു. 30 മിസൈലുകൾ യുക്രൈന്‍ വ്യോമസേന തകർത്തു. യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയുടെ ജന്മദേശമായ ക്രിവി റിഹിൽ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.