ഷെങ്കൻ വിസാ സോണിൽ ചേർന്ന് ക്രൊയേഷ്യ; കറൻസി യൂറോയിലേക്ക് മാറ്റി

2013ൽ യൂറോപ്യൻ യൂണിയനിൽ ചേർന്ന രാജ്യം ഞായറാഴ്ചയാണ് തീരുമാനമെടുത്തത്

Update: 2023-01-01 14:22 GMT
Advertising
സാഗ്രെബ്: യൂറോയിലേക്കും യൂറോപ്പിന്റെ പാസ്പോർട്ട് രഹിത മേഖലയിലേക്കും പ്രവേശിച്ച് ക്രൊയേഷ്യ. 2013ൽ യൂറോപ്യൻ യൂണിയനിൽ ചേർന്ന രാജ്യം ഞായറാഴ്ചയാണ് ഈ തീരുമാനമെടുത്തത്. ബാൽക്കൻ രാജ്യമായ ക്രൊയേഷ്യയിൽ 'കുന' കറൻസിയാണുണ്ടായിരുന്നത്. ഇത് ഒഴിവാക്കിയിരിക്കുകയാണ്. യൂറോസോണിലെ 20-ാമത്തെ അംഗമായാണ് രാജ്യം മാറിയിരിക്കുന്നത്. 400 ദശലക്ഷത്തിലധികം ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ പ്രാപ്തരാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാസ്പോർട്ട് രഹിത ഷെങ്കൻ സോണിലെ 27-ാമത്തെ രാജ്യമായിരിക്കുകയാണ്.

യുക്രൈനിലെ റഷ്യൻ അധിനിവേശത്തോടെ ക്രൊയേഷ്യയിലുണ്ടായ പണപ്പെരുപ്പം കുറയ്ക്കാൻ യൂറോയിലേക്കുള്ള മാറ്റം തുണയ്ക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇന്ധന - ഭക്ഷണ വില കുറയാനിടയാക്കുമെന്നും നിരീക്ഷിക്കുന്നു. എന്നാൽ അതിർത്തി മാറ്റത്തെ ക്രൊയേഷ്യൻ പൗരന്മാരിൽ പലരും സ്വാഗതം ചെയ്യുമ്പോൾ കറൻസി യൂറോയാക്കിയത് ചിലർ എതിർക്കുന്നുണ്ട്. ജർമനി, ഫ്രാൻസ് തുടങ്ങിയ വലിയ രാജ്യങ്ങൾക്കാണ് ഈ നീക്കം നേട്ടമുണ്ടാക്കുകയയെന്നാണ് വലതു പക്ഷ സംഘങ്ങൾ കുറ്റപ്പെടുത്തുന്നത്.

എന്താണ് ഷെങ്കൻ വിസ?

1985 ൽ ഏഴു യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച ഉടമ്പടിയോടെയാണ് ഷെങ്കൻ വിസ നിലവിൽ വന്നത്. പാസ്‌പോർട്ട് രഹിതമായി ഈ രാജ്യങ്ങളിലൂടെ പൗരന്മാർക്ക് സഞ്ചരിക്കാമെന്നതായിരുന്നു ഉടമ്പടിയുടെ നേട്ടം. ഇന്നത്തോടെ ക്രൊയേഷ്യയടക്കം 27 രാജ്യങ്ങളാണ് ഈ രീതിയെ അനുകൂലിക്കുന്നത്. ഷെങ്കൻ വിസ നേടുന്ന ആർക്കും 90 ദിവസം ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കാം. ഓസ്ട്രിയ, ബെൽജിയം, ചെക് റിപ്പബ്ലിക്ക്, ഡെൻമാർക്ക്, എസ്‌റ്റോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്‌വിയ, ലക്‌സംബർഗ്, മാൾട്ട. നെതർലൻഡ്‌സ്, നോർവെ, പോളണ്ട്, പോർച്ചുഗൽ, സ്ലോവാക്കിയ, സ്ലോവേനിയ, സ്‌പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് ഷെങ്കൻ വിസ സ്വീകരിച്ചിരിക്കുന്നത്. ഇവയിൽ നോർവെയും ഐസ് ലാൻഡും യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News