ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ വച്ച് 16കാരി പനി ബാധിച്ചു മരിച്ചു; ചൈനയില്‍ വന്‍ പ്രതിഷേധം
കടുത്ത പനിയും ഛര്‍ദ്ദിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 16കാരി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്
ബെയ്ജിംഗ്: കോവിഡ് കേന്ദ്രത്തില്‍ കഴിയുകയായിരുന്ന 16കാരി പനി ബാധിച്ചു മരിച്ചത് ചൈനയില്‍ പ്രതിഷേധത്തിനിടയാക്കി. ചൈനയില്‍ കോവിഡ് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ രോഗം ബാധിച്ചവരോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ സര്‍ക്കാരിന്‍റെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം.
ഹെനാന്‍ പ്രവിശ്യയിലുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തിലാണ് കുട്ടി മരിച്ചത്. കുട്ടിയുടെ കുടുംബത്തിന്‍റെ മെഡിക്കൽ ഇടപെടലിനായുള്ള ആവർത്തിച്ചുള്ള അഭ്യർഥനകൾ അധികാരികൾ അവഗണിച്ചതായി ഇൻഡിപെൻഡന്‍റ് റിപ്പോർട്ട് ചെയ്തു. അധികാരികളുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയെ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയും ഛര്‍ദ്ദിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 16കാരി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങളെല്ലാം അധികൃതര്‍ അവഗണിച്ചതായി കുടുംബം ആരോപിച്ചു.
''റുഷൗ സര്‍ക്കാരിന്‍റെ അവഗണനയെക്കുറിച്ച് അന്വേഷിക്കാനും മകള്‍ക്ക് നീതി ലഭിക്കാനും വേണ്ടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയും അച്ചടക്ക പരിശോധന കമ്മീഷനും ഇടപെടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു'' കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി പനിച്ചുവിറയ്ക്കുന്നതിന്‍റെ ദയനീയ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ പ്രതിഷേധത്തിനു കാരണമായി. എന്നാല്‍ ഈ വീഡിയോയെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ''ഇന്നലെ രാത്രി 3 മണി മുതൽ ഞങ്ങൾ സഹായത്തിനായി വിളിക്കുന്നു, മേയറുടെ ഹോട്ട്‌ലൈനും സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ലൈൻ ഉൾപ്പെടെയുള്ളവരില്‍ പ്രതികരണമൊന്നുമുണ്ടായില്ല. എന്‍റെ എല്ലാ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ എനിക്ക് സഹായത്തിനായി ഒരു സ്ഥലം കണ്ടെത്താനും നീതി തേടാനും കഴിയും. അവളുടെ മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് എനിക്കറിയണം, "പെൺകുട്ടിയുടെ അമ്മായി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
മരിച്ച 16കാരിക്ക് കോവിഡ് ഉണ്ടായിരുന്നോ അതോ സമ്പര്‍ക്ക പട്ടികയിലുള്ളതുകൊണ്ട് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതാണോ എന്ന് വ്യക്തമല്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരവധി വലിയ നഗരങ്ങൾ പൊതു സഞ്ചാരത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സ്കൂളുകൾ, തിയറ്ററുകൾ, ജിമ്മുകൾ, വിനോദ വേദികൾ എന്നിവ അടച്ചുപൂട്ടുകയും ചെയ്തു. ഹെനാന്‍ പ്രവിശ്യയില്‍ ഈ ആഴ്ച 26 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബെയ്ജിംഗില്‍ കഴിഞ്ഞ ദിവസം 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.