ഗസ്സയിൽ ഇടതടവില്ലാതെ ഇസ്രായേൽ ആക്രമണം; മരണസംഖ്യ 1,400 കടന്നു
ഈജിപ്തിന്റെ റഫ അതിർത്തി വഴി ഗസ്സയിലേക്കു മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഊർജിതമായി നടക്കുകയാണ്
ഗസ്സ/ദുബൈ: ഫലസ്തീനുനേരെയുള്ള ഇസ്രായേൽ വ്യോമാക്രമണം തുടർച്ചയായ ആറാംദിനവും തുടരുന്നു. ഗസ്സയിൽ മരണസംഖ്യ 1,417 ആയി ഉയർന്നു. ലബനാൻ അതിർത്തിയിലും യുദ്ധസാധ്യത കനത്തു. സിദ്റത്തിനു നേർക്ക് ഹമാസ് കൂടുതൽ റോക്കറ്റുകൾ വിക്ഷേപിച്ചു. ഈജിപ്തിന്റെ റഫ അതിർത്തി വഴി ഗസ്സയിലേക്കു മാനുഷിക സഹായം എത്തിക്കാനുള്ള നീക്കം ഊർജിതമായി നടക്കുകയാണ്.
ഗസ്സക്കുമേൽ ആക്രമണം കൂടുതൽ കടുപ്പിച്ചതോടെ ആശുപത്രികളിൽ പുതുതായി ആരെയും പ്രവേശിപ്പിക്കാൻ ഇടമില്ലാതെ വന്നതായി അന്താരാഷ്ട്ര റെഡ്ക്രോസ് അറിയിച്ചു. കൂടുതൽ താമസ കെട്ടിടങ്ങൾ തകർന്നതോടെ ഗസ്സയിൽ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഉയരുകയാണ്. റഫ അതിർത്തിക്കുനേരയുള്ള ആക്രമണത്തിൽനിന്ന് ഇസ്രായേൽ വിട്ടുനിന്നാൽ ഇന്നുതന്നെ ജീവകാരുണ്യ ഉൽപന്നങ്ങൾ ഗസ്സയിൽ എത്തിക്കാനാകുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി പറഞ്ഞു.
കരയാക്രമണം സംബന്ധിച്ച ഇസ്രായേൽ തീരുമാനം വൈകുകയാണ്. ഗസ്സ അതിർത്തി പ്രദേശങ്ങളിൽനിന്ന് പതിനായിരങ്ങളെ മാറ്റി. ലബനാനിൽനിന്ന് ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം തുടരുന്നതു മുൻനിർത്തി ആയിരക്കണക്കിന് റിസർവ് സൈനികരെ അവിടേക്ക് നിയോഗിച്ചു. ഹമാസിനെയും ഇസ്ലാമിക് ജിഹാദിനെയും അവസാനിപ്പിക്കുംവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം കടൽമാർഗം ഹമാസ് പോരാളികൾ വീണ്ടും ഇസ്രായേലിൽ എത്തുന്നത് സൈന്യത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വിവിധ ഇസ്രായേൽ പ്രവിശ്യകൾക്കുനേരെ ഇന്നും ഹമാസ് നൂറുകണക്കിന് റോക്കറ്റുകളയച്ചു. തെൽഅവീവിലും ഫൈഹയിലും സിദ്റത്തിലും റോക്കറ്റുകൾ പതിച്ചു. ഹമാസ് അയച്ച 5,000 റോക്കറ്റുകളിൽ 2,000 തുറസ്സായ സ്ഥലങ്ങളിലാണ് വീണതെന്ന് നെതന്യാഹു പറഞ്ഞു.
ബന്ദികളുടെ മോചനം സംബന്ധിച്ച് അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നീക്കം ഊർജിതമാണ്. ഒരു ഇസ്രായേൽ വനിതയെയും രണ്ട് കുട്ടികളെയും ഹമാസ് മോചിപ്പിച്ചത് മധ്യസ്ഥ ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതിനിടെ, ഗസ്സക്കു പിന്നാലെ ഇസ്രായേലിൽ തടവിലുള്ള ഫലസ്തീനികൾക്കുള്ള വെള്ളവും വൈദ്യുതിയും നിഷേധിച്ചു. ആയിരക്കണക്കിന് തടവുകാരുടെ സുരക്ഷ ഉറപ്പാക്കാൻ യു.എന്നിന്‍റെ പിന്തുണ തേടുകയാണ് ഫലസ്തീൻ.
ഇസ്രായേലിൽ ആക്രമണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. 97 സൈനികർ ഹമാസിന്‍റെ പിടിയിലുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്ലാമിക് ജിഹാദ് നേതാവ് അബ്ദുർറഹ്മാൻ ശിഹാബും കുടുംബവും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
Summary: Israeli airstrikes on Palestine continue for sixth consecutive day as the death toll in Gaza rose to 1,417