ഗസ്സയിലെ വംശഹത്യക്ക് യുഎസ് സഹായം നൽകുന്നതിനെ വിമർശിച്ച ഡെമോക്രാറ്റിക് നേതാവിനെ കമലാ ഹാരിസിന്റെ റാലിയിൽനിന്ന് പുറത്താക്കി

യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും മെട്രോ ഡിട്രോയിറ്റ് നഗരത്തിലെ പ്രമുഖ നേതാവുമായ അഹമ്മദ് ഗനീമിനെയാണ് പരിപാടിയിൽനിന്ന് പുറത്താക്കിയത്.

Update: 2024-10-23 10:49 GMT
Advertising

മിഷിഗൺ: ഗസ്സയിൽ വംശഹത്യ നടത്തുന്ന ഇസ്രായേലിന് സഹായം നൽകുന്ന യുഎസ് നടപടിയെ വിമർശിച്ച ഡെമോക്രാറ്റിക് പാർട്ടി നേതാവിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമലാ ഹാരിസിന്റെ റാലിയിൽനിന്ന് പുറത്താക്കി. യുഎസ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയും മെട്രോ ഡിട്രോയിറ്റ് നഗരത്തിലെ പ്രമുഖ നേതാവുമായ അഹമ്മദ് ഗനീമിനെയാണ് പരിപാടിയിൽനിന്ന് പുറത്താക്കിയത്. ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗനീം റോയൽ ഓക് മ്യൂസിക് തിയേറ്ററിൽ എത്തിയത്. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് സംഘാടകരിൽ ഒരാൾ കാരണമൊന്നും പറയാതെ തന്നോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗനീം പറഞ്ഞു.

''ഒരു വനിതാ വളണ്ടിയർ എന്നെ വാതിലിന് അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി പുറത്താക്കി വാതിലടച്ചു. അവിടെ രണ്ട് പൊലീസുകാർ കാത്തുനിന്നിരുന്നു. നിങ്ങൾ പുറത്തുപോകണമെന്ന് അവൾ എന്നോട് പറഞ്ഞു. എന്തിനാണ് പുറത്താക്കുന്നതെന്ന് ശാന്തനായി ഞാൻ അവരോട് ചോദിച്ചു. പക്ഷേ, മറുപടി തന്നില്ല. 'ശരി' എന്ന് പറഞ്ഞു ഞാൻ മടങ്ങി. നിങ്ങൾ പോകുന്നുണ്ടോ അതോ എന്റെ ജീപ്പിന്റെ പിന്നിൽ പിടിച്ചുകയറ്റണോ എന്നായിരുന്നു അവിടെയുണ്ടായിരുന്ന പൊലീസുകാരൻ എന്നോട് ചോദിച്ചത്''- ഗനീം പറഞ്ഞു.

കമലക്ക് മുസ്‌ലിംകളുടെയും അറബ് വംശജരുടെയും വോട്ട് വേണം. പക്ഷേ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോലും അനുവദിക്കുന്നില്ല. നേതാവായിട്ടും തന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവരുടെ സ്ഥിതിയെന്താവുമെന്നും ഗനീം ചോദിച്ചു. നൂറുകണക്കിന് ആളുകൾ കണ്ടുനിൽക്കുമ്പോഴാണ് എന്നെ പുറത്താക്കിയത്. അവർ എങ്ങനെയാണ് ഈ പാർട്ടിക്ക് വോട്ട് ചെയ്യുകയെന്നും ഗനീം ചോദിച്ചു. മുസ്‌ലിം അറബ് അമേരിക്കൻ വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള മേഖലയാണ് തെക്കുകിഴക്കൻ മിഷിഗൺ. ഇസ്രായേലിനെ പിന്തുണക്കുന്നതിനാൽ അറബ് വംശജർക്കിടയിൽ കമലക്കെതിരെ വലിയ അമർഷമുണ്ട്. ഇത് മറികടക്കാൻ നടത്തുന്ന കാമ്പയിനിടെയാണ് ഗനീമിനെ മാറ്റിനിർത്തിയത്.

സംഭവം വിവാദമായതോടെ കമലാ ഹാരിസിന്റെ കാമ്പയിൻ കമ്മിറ്റിയുടെ വക്താവ് ഗനീമിനോട് ക്ഷമാപണം നടത്തി പ്രസ്താവനയിറക്കി. ഇനിയുള്ള പരിപാടികളിൽ ഗനീമിന് മോശം അനുഭവമുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. അതേസമയം മിഷിഗണിലെ പരിപാടിയിൽനിന്ന് ഇറക്കിവിട്ടത് എന്തുകൊണ്ടാണെന്ന് പ്രസ്താവനയിൽ പറയുന്നില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News