ബൈഡൻ മോദിയോട് ഓട്ടോഗ്രാഫ് ചോദിച്ചോ? വസ്തുതയെന്ത്?
ജി7 ഉച്ചകോടി പോലൊരു അന്താരാഷ്ട്ര പരിപാടിയിൽ ഇത്തരമൊരു ആശയവിനിമയം നടന്നിട്ടുണ്ടെങ്കിൽ അത് പ്രമുഖ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെ ഹിരോഷിമയിൽ എത്തിയ മോദിയോട് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഓട്ടോഗ്രാഫ് ചോദിച്ചെന്ന വാർത്ത വിവിധ ദേശീയ പ്രാദേശിക മാധ്യമങ്ങൾ പ്രാധാന്യ പൂർവം റിപ്പോർട്ട് ചെയ്തു. വാർത്താ ഏജൻസി എഎൻഐയെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് വിവിധ മലയാളം മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്. എന്താണ് ഈ വാർത്തയുടെ സത്യാവസ്ഥ.
മോദി വലിയ ജനക്കൂട്ടത്തെ ഏതുവിധത്തിലാണ് കൈകാര്യം ചെയ്യുന്നുവെന്ന് മനസിലാക്കിയതിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടതെന്നാണ് പേര് വെളിപ്പെടുത്താത്ത സ്രോതസിനെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോർട്ട്. എന്നാണ് ആരാണ് ഈ സ്രോതസ് എന്ന് റിപ്പോർട്ടിലെവിടെയും പറയുന്നില്ല.
ഇന്നലെ ക്വാഡ് മീറ്റിങ്ങിനിടെ, പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയുടെ അടുത്തെത്തി, ഔദ്യോഗിക സന്ദർശനത്തിന് എത്തുന്ന അവസരങ്ങളിലെല്ലാം താങ്കളുടെ പരിപാടികളിൽ പങ്കെടുക്കാൻ പ്രമുഖ പൗരന്മാരുടെ അഭ്യർഥനകളുടെ പ്രളയമാണെന്നും പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സിഡ്‌നിയിൽ കമ്യൂണിറ്റി സ്വീകരണത്തിന് 20,000 പേരെ ഉൾക്കൊള്ളാൻ സൗകര്യമുണ്ടെന്നും എന്നാൽ തനിക്ക് ലഭിക്കുന്ന അഭ്യർഥനകൾ ഉൾക്കൊള്ളാൻ തനിക്ക് കഴിയുന്നില്ലെന്നും ചടങ്ങിൽ പങ്കെടുത്ത ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
നരേന്ദ്രമോദി സ്റ്റേഡിയത്തിൽ 90,000ത്തിലധികം ആളുകൾ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാനുണ്ടായിരുന്നതായി പ്രധാനമന്ത്രി അൽബനീസ് പറഞ്ഞപ്പോഴാണ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയോട് എനിക്ക് താങ്കളുടെ ഓട്ടോഗ്രാഫ് വേണം എന്ന് പറഞ്ഞത് എന്നാണ് എഎൻഐ റിപ്പോർട്ടിലെ അവകാശവാദം.
ജി7 ഉച്ചകോടി പോലൊരു അന്താരാഷ്ട്ര പരിപാടിയിൽ ഇത്തരമൊരു ആശയവിനിമയം നടന്നിട്ടുണ്ടെങ്കിൽ അത് പ്രമുഖ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ന്യൂയോർക്ക് ടൈംസോ ബിബിസിയോ ഏതെങ്കിലും ആസ്ട്രേലിയൻ മാധ്യമങ്ങളോ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യയിലെ എഎൻഐ മാത്രമാണ് ഇത്തരമൊരു സംഭാഷണം നടന്നതായി വാർത്ത ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതിന്റെ ആധികാരികതയിൽ സംശയമുണ്ടെന്നാണ് വിലയിരുത്തൽ. സോഷ്യൽമീഡിയകളിലടക്കം പലരും ഇത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. എഎൻഐയുടെ ട്വീറ്റിനടിയിലും സ്രോതസ് ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്.