'പറക്കുന്ന വലിയ ജീവികളായിരുന്നു, നീളമുള്ള തലയും മഞ്ഞക്കണ്ണുകളും...'; അന്യഗ്രഹജീവികൾ ആക്രമിച്ചെന്ന് പെറുവിലെ ഗ്രാമവാസികൾ
ഗ്രാമീണരുടെ വാദങ്ങളെല്ലാം തള്ളി പെറുവിയൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്
അന്യഗ്രഹജീവി ആക്രമണമുണ്ടായതായി ആരോപിച്ച് പെറുവിലെ ആൾട്ടോ നാനയ് ഗ്രാമവാസികൾ. ഏഴടിയോളം പൊക്കമുള്ള പറക്കുന്ന ജീവികൾ രാത്രി എത്തിയെത്തി പേടിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് ഇവരുടെ വാദം.
ജൂലൈ പകുതിയോടെയാണ് അന്യഗ്രഹജീവികളുടെ ആക്രമണമുണ്ടാകാൻ തുടങ്ങിയതെന്നാണ് ഗ്രാമീണർ അറിയിക്കുന്നത്. ആയുധങ്ങളുമായെത്തുന്ന ഇവർ മുഖംമൂടി ധരിച്ചവരാണെന്നും വെടിയുണ്ട ഏൽക്കാതിരിക്കാൻ തക്കവണ്ണം ദേഹത്ത് കവചം ധരിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. മുഖം ഭക്ഷിക്കുന്ന ജീവികളാണിത് എന്നാണ് ഗ്രാമീണരുടെ നിഗമനം.
എന്നാൽ ഈ വാദങ്ങളെല്ലാം തള്ളി പെറുവിയൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. ഗ്രാമീണർ അന്യഗ്രഹജീവികളെന്ന് തെറ്റിദ്ധരിച്ചത് അനധികൃത സ്വർണഘനന മാഫിയ സംഘത്തെയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഗ്രാമീണരിൽ അന്യഗ്രഹജീവികളെക്കുറിച്ച് ഭയം ജനിപ്പിച്ച് അവരെ വീട്ടിൽ തന്നെ ഇരുത്താനുള്ള തന്ത്രമാണിതെന്നാണ് അധികൃതരുടെ നിഗമനം. നനായ് നദിക്ക് ചുറ്റുമുള്ള നിബിഡ വനത്തിലെ സ്വർണം ഖനനം ചെയ്‌തെടുക്കുകയാണ് അന്യഗ്രഹജീവികളുടെ ലക്ഷ്യമെന്നും ഇതിനായി ഇവർ ഗ്രാമീണരിൽ ഭയം ജനിപ്പിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു.
"ആളുകളെ പേടിപ്പിക്കാൻ ഇരുണ്ട നിറത്തിലുള്ള മുഖംമൂടി ധരിച്ചാണിവരെത്തുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചിട്ടുണ്ടാവും. കാട്ടിനുള്ളിൽ അനായാസം കടന്നു ചെല്ലാനാവാത്ത സ്ഥലങ്ങളിലെ സ്വർണഖനനത്തിനായി ജെറ്റ്പാക്കുകളും ചിലപ്പോൾ ഉപയോഗിക്കും. അതാണ് ഇവർ പറക്കുന്ന അന്യഗ്രഹജീവികളെന്ന് ഗ്രാമീണർ തെറ്റിദ്ധരിക്കാൻ കാരണം". പെറുവിലെ മുതിർന്ന അഭിഭാഷകൻ കാർലോസ് കാസ്‌ട്രോ പറഞ്ഞു.
സ്വർണഖനികളാൽ സമ്പുഷ്ടമായ പ്രദേശമാണ് ആൾട്ടോ നനായ് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. നദീതീരങ്ങളിലാണ് സ്വർണം കൂടുതലായും കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൈന്യം ഇടപെടണമെന്ന് ഗ്രാമവാസികളായ ഇകിതു ഗോത്രവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.