നമ്മുടെ ദോശയും വടയും തന്നെയാണോ ഇത്...? യു.എസ് റസ്‌റ്റോറന്റിലെ പേരും വിലയും കണ്ട് ഞെട്ടി സോഷ്യൽമീഡിയ

വിഭവങ്ങളുടെ ഫോട്ടോയൊടൊപ്പം അവയുടെ ചെറുവിവരവും നൽകിയിട്ടുണ്ട്

Update: 2022-07-20 11:05 GMT
Editor : Lissy P | By : Web Desk
Advertising

വാഷിങ്ടണ്‍: ഏത് രാജ്യത്ത് ജീവിക്കുകയാണെങ്കിലും  ദോശയും ഇഡ്‌ലിയും വടയുമെല്ലാം ഏതൊരു ഇന്ത്യക്കാരന്റെയും പ്രിയപ്പെട്ട വിഭവമായിരിക്കും. അതുകൊണ്ട് തന്നെ ലോകത്തെ എല്ലായിടത്തും ഇന്ത്യൻ റസ്‌റ്റോറന്റുകളും നിരവധിയാണ്.   എന്നാൽ അവയുടെ പേരുകൾ അൽപം വ്യത്യാസമുണ്ടായിരിക്കും എന്നുമാത്രം. എന്നാൽ യു.എസിലെ റസ്‌റ്റോറന്റിൽ ദോശക്കും ഉഴുന്നുവടക്കും നൽകിയ പേരുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. ഇനിക എന്ന യുവതിയാണ്   വിഭവങ്ങളുടെ പേരും വിലയുമടങ്ങിയ പട്ടികയുടെ സ്ക്രീന്‍ഷോട്ട് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഉഴുന്ന് ദോശയ്ക്ക് 'നേക്ക്ഡ് ക്രേപ്' (naked crepe ) എന്നാണ് പേര് ആ റസ്‌റ്റോറന്‍റ് പേര് നല്‍കിയിരിക്കുന്നത്. സാമ്പാർവടയ്ക്ക് 'ഡങ്കഡ് ഡോനട്ട് ഡിലൈറ്റ്' (dunked doughnut delight ) എന്നുമാണ് പേരിട്ടിരിക്കുന്നത്. മസാലദോശയ്ക്ക് 'സ്മാഷ്ഡ് പൊട്ടറ്റോ ക്രേപ്' ( 'smashed potato crepe) എന്നാണ് പേരിട്ടിരിക്കുന്നത്. തീർന്നില്ല, ഊത്തപ്പത്തിന് 'ക്ലാസിക് ലെന്റിൽ പാൻകേക്' എന്നും നെയ്‌റോസ്റ്റിന് 'പേപ്പർ ക്രേപ്' എന്നുമാണ് പേരിട്ടിരിക്കുന്നത്. വിഭവങ്ങളുടെ ഫോട്ടോയൊടൊപ്പം അവയുടെ ചെറുവിവരവും നൽകിയിട്ടുണ്ട്.

പേര് മാത്രമല്ല ഇവയുടെ  വില   കണ്ടാലും ഞെട്ടും. സാധാരണ ദോശക്ക് ഏകദേശം 1400 രൂപയാണ് വില. രണ്ടുവടയടങ്ങിയ പ്ലേറ്റിന് ഏകദേശം 1200 രൂപയും വരും. മിക്കവിഭവങ്ങള്‍ക്കും 1000 ത്തിന് മുകളിലാണ് വില ഈടാക്കുന്നത്. ഏതായാലും ഇന്ത്യൻ വിഭവങ്ങളുടെ പേരും വിലയും കേട്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. നമ്മുടെ വടയും ദോശയും തന്നെയാണോ ഇതെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് റസ്‌റ്റോറുകാർക്ക് വിഭവങ്ങളുടെ ശരിയായ പേര് തന്നെ നൽകിക്കൂടാ എന്നും ചിലർ ചോദിക്കുന്നു. അതേസമയം 1500 രൂപ ഒരു ദോശക്ക് ഈടാക്കുന്നതിനെതിരെയും ആളുകൾ കമന്റുമായി എത്തിയിട്ടുണ്ട്. നാട്ടിലെ വഴിയോരക്കച്ചവടക്കാർ ഇതേ വിലയ്ക്ക് ദോശയും വടയുമെല്ലാം വിൽക്കുന്ന കാര്യം ആലോചിച്ചുനോക്കൂ എന്നാണ് മറ്റുചിലരുടെ കമന്റ്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News