ദിനേശ് ഗുണവർധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

എസ്.എല്‍.പി.പി നേതാവാണ് ദിനേശ് ഗുണവർധന

Update: 2022-07-22 06:02 GMT
Advertising

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധന സത്യപ്രതിജ്ഞ ചെയ്തു. എസ്.എല്‍.പി.പി നേതാവാണ് ദിനേശ് ഗുണവർധന.

ദിനേശ് ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെ, ഗുണവർധനയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരുന്നു. ആറ് തവണ പ്രധാനമന്ത്രിയായിരുന്ന റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഗുണവർധനയുടെ നിയമനം.

റെനിൽ വിക്രമസിംഗെ പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാമ്പിൽ റെയ്ഡ് നടത്തി. നൂറുകണക്കിന് സൈനികരും പൊലീസുകാരും എത്തിയാണ് റെയ്ഡ് നടത്തിയത്. പ്രക്ഷോഭകരുടെ ടെന്റുകൾ സൈന്യം പൊളിച്ചുനീക്കി. ടെന്റുകൾ തകർത്ത സൈന്യം നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ടോടെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിഞ്ഞുകൊടുക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് മുമ്പാണ് സൈനിക ഇടപെടൽ. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ പ്രധാന കവാടം തടസ്സപ്പെടുത്തി പ്രതിഷേധക്കാർ സ്ഥാപിച്ച ബാരിക്കേഡുകള്‍ പൊലീസ് നീക്കി.

ഗോതബായെ രാജപക്‌സെ പ്രസിഡന്റ് പദമൊഴിയണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 9നാണ് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയത്. പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ കൊട്ടാരത്തിൽനിന്ന് പിൻമാറണമെന്ന് റെനിൽ വിക്രമസിംഗെ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെ താഴെയിറക്കാനും പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും ഓഫീസ് അടിച്ചു തകർക്കാൻ ശ്രമിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം അക്രമങ്ങൾ രാജ്യത്തുണ്ടായാൽ അതിനെ നിയമപരമായി നേരിടുമെന്നും വിക്രമസിംഗെ മുന്നറിയിപ്പ് നൽകി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News