''ഞങ്ങളൊരു പേടിസ്വപ്നത്തിലാണ് ജീവിക്കുന്നത്...എന്നെങ്കിലും അതില്‍ നിന്നും ഉണരുമെന്ന് പ്രതീക്ഷിക്കുന്നു''

അബുവിനെപ്പോലെ ആയിരക്കണക്കിനാളുകളാണ് വീടും നാടും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അന്തിയുറങ്ങുന്നത്

Update: 2023-12-30 04:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെല്‍ അവിവ്: ''ഞങ്ങളൊരു പേടിസ്വപ്നത്തിലാണ് ജീവിക്കുന്നത്...എന്നെങ്കിലും അതില്‍ നിന്നും ഉണരുമെന്ന് പ്രതീക്ഷിക്കുന്നു'' തെക്കന്‍ ഗസ്സയിലെ റഫ നഗരത്തിലുള്ള ഒരു തകര്‍ന്ന കൂടാരത്തില്‍ താമസിക്കുന്ന ഫലസ്തീനിയായ അബു ഇബ്രാഹിമിന്‍റെ വാക്കുകളാണിത്. അബുവിനെപ്പോലെ ആയിരക്കണക്കിനാളുകളാണ് വീടും നാടും നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ അന്തിയുറങ്ങുന്നത്. ഓരോ പുലരിയും ഇനി കാണുമോ എന്നറിയാതെ മിടിക്കുന്ന നെഞ്ചോടെ എന്നെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ നിസ്സഹായരായ ആയിരക്കണക്കിനാളുകള്‍.

തെക്കൻ എൻക്ലേവിലെ ഖാൻ യൂനിസ് നഗരത്തിന് വളരെ കിഴക്കുള്ള അബാസൻ അൽ-ജാദിദ പട്ടണത്തിലുള്ള തന്‍റെ വീട്ടില്‍ നിന്നും 80 ദിവസം മുന്‍പ് ഇറങ്ങിയതാണ് അന്‍പതുകാരനായ അബു. ഇതിനിടയില്‍ നിരവധി തവണ പല ക്യാമ്പുകളിലേക്ക് മാറി. “എന്‍റെ കൈകളിലേക്കും കണ്ണുകളിലേക്കും മുഖത്തേക്കും നോക്കൂ. കടലാസ്, വൈക്കോൽ, നൈലോൺ എന്നിവയല്ലാതെ തീ കത്തിക്കാന്‍ വേറെ മാര്‍ഗങ്ങളില്ല. അവയില്‍ പുറത്തുവരുന്ന കറുത്ത പുക എന്‍റെ കൈകളും മുഖവും കറുപ്പിക്കുകയും എന്‍റെ കണ്ണുകളെ പൊള്ളിക്കുകയും ചെയ്യുന്നു." തന്‍റെ കുട്ടികൾക്കും ഭാര്യക്കും ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ അബു പറഞ്ഞു.

ഒക്‌ടോബർ 7ലെ ആക്രമണത്തിനു ശേഷം ഇസ്രായേല്‍ ഗസ്സ മുനമ്പില്‍ വൻ സൈനിക ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്, കുറഞ്ഞത് 21,110 ഫലസ്തീനികൾ കൊല്ലപ്പെടുകയും (കൂടുതലും സ്ത്രീകളും കുട്ടികളും) 55,243 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ അധികാരികൾ അറിയിച്ചു.“ഞങ്ങൾ മലിനമായ വെള്ളം കുടിക്കുകയും മലിനമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു, ഞങ്ങൾക്കത് അറിയാം. കാരണം ഞങ്ങൾ പ്രധാനമായും നൈലോൺ ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ഇതുമൂലം ഭക്ഷണത്തെ കറുത്ത പുക മൂടുന്നു,” അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഇതല്ലാതെ വേറെ വഴിയില്ല. ഇതൊരു സ്വപ്നമായിരുന്നെങ്കില്‍ അതില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഓരോ നിമിഷവും ഞാൻ അത്ഭുതപ്പെടുന്നു, ഇതൊരു സ്വപ്നമാണോ യാഥാർത്ഥ്യമാണോ?നമ്മൾ ജീവിക്കുന്ന ഈ മനുഷ്യത്വരഹിതമായ അവസ്ഥകളിൽ നിന്ന് ഉന്മാദാവസ്ഥയിൽ എത്തിയിരിക്കുന്നു, ഇങ്ങനെയൊരു ദിനം വരുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതൊരു പേടിസ്വപ്നമാണ്. ഞങ്ങള്‍ ഓരോ സ്ഥലത്തേക്ക് പോകുമ്പോഴെല്ലാം ഇസ്രായേൽ സൈന്യം ഞങ്ങൾ അഭയം തേടുന്ന പ്രദേശങ്ങളിൽ ബോംബിട്ട് ഞങ്ങളോട് അവിടം വിടാൻ പറയുന്നു'' അദ്ദേഹം വിലപിച്ചു.

അബാസൻ അൽ-ജാദിദ പട്ടണത്തിലുള്ള തന്‍റെ വീട് ഇപ്പോഴുണ്ടോ എന്ന് അബുവിനറിയില്ല. പക്ഷെ എന്നെങ്കിലും അവിടേക്ക് മടങ്ങിപ്പോകാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. "ഭവനരഹിതമായ ജീവിതം ഉപേക്ഷിച്ച് എന്‍റെ വീട്ടിലേക്ക് മടങ്ങാനും ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനും ഞാൻ ആഗ്രഹിക്കുന്നു." അബു പറയുന്നു. തുണി കൊണ്ടും നൈലോണ്‍ കഷ്ണങ്ങള്‍ കൊണ്ടും തീര്‍ത്ത കൂടാരത്തിന്‍റെ ഒരു മൂലയില്‍ അബുവിന്‍റെ ഭാര്യ മക്കളെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. “എനിക്ക് ഈ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനോ വിശ്വസിക്കാനോ കഴിയുന്നില്ല. ഞാൻ ഒരു പേടിസ്വപ്നത്തിൽ ജീവിക്കുന്നതായി എനിക്ക് തോന്നുന്നു, ഇതാണോ ശരിക്കും നമ്മുടെ ജീവിതം?" അവര്‍ ചോദിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News