'തീവ്ര ഇടതുഭ്രാന്തമാര്‍ ഇനി ട്വിറ്ററിലില്ല'; മടങ്ങിയെത്തി ട്രംപ്; മസ്കിന് അഭിനന്ദനം
അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്
വാഷിങ്ടണ്‍: നീണ്ട ഇടവേളക്ക് ശേഷം ട്വിറ്ററില്‍ മടങ്ങിയെത്തി മുന്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മടങ്ങിയെത്തിയതിന് പിന്നാലെ ട്വിറ്ററിന്‍റെ നിയന്ത്രണമേറ്റെടുത്ത ഇലോണ്‍ മസ്കിനെ ട്രംപ് അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ട്വിറ്ററില്‍ സജീവമാകുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം വിസ്സമ്മതിച്ചു. എന്നാല്‍ താനില്ലാതെ ട്വിറ്റര്‍ വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തെ വെറുക്കുന്ന തീവ്ര ഇടതുഭ്രാന്തമാരും കിറുക്കന്മാരും ഇനി ട്വിറ്റര്‍ പ്രവര്‍ത്തിപ്പിക്കാനില്ല. ട്വിറ്റർ ഇപ്പോൾ സ്വബോധമുള്ളയൊരാളെ കൈകളിലാണെന്നതിൽ അതിയായ സന്തോഷമുണ്ട്', ട്രംപ് തന്‍റെ സാമൂഹിക മാധ്യമ കമ്പനിയായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. 2021 ഒക്ടോബറില്‍ ആരംഭിച്ച ട്രൂത്ത് സോഷ്യലില്‍ ഇതു വരെ നാല് മില്യണിലധികം ഉപയോക്താക്കളാണുള്ളത്. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. കലാപത്തിന് പ്രേരിപ്പിച്ചത് ട്രംപിന്‍റെ ട്വിറ്ററിലെ ഇടപെടലുകളായിരുന്നുവെന്നായിരുന്നു ആരോപണം.
കഴിഞ്ഞ ദിവസമാണ് ടെസ്‍ല ചെയര്‍മാന്‍ ഇലോണ്‍ മസ്ക് ട്വിറ്ററിന്‍റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാളിനേയും ലീഗൽ തലവൻ വിജയ ഗാഡ, ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ എന്നിവരേയും മസ്ക് പുറത്താക്കിയിരുന്നു.