കാനഡയിൽ ട്രൂഡോക്ക് പിന്‍ഗാമി ഇന്ത്യന്‍ വംശജ? ആരാണ് അനിത ആനന്ദ്?
നിലവില്‍ കാനഡയുടെ ഗതാഗത മന്ത്രിയും അഭിഭാഷകയുമാണ് 57കാരിയായ അനിത
ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസറ്റിന്‍ ട്രൂഡോ പടിയിറങ്ങുമ്പോള്‍ പിന്‍ഗാമിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യന്‍ വംശജ അനിത ആനന്ദിന്റെ പേരും സജീവം. മികച്ച അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളായാണ് അനിതയും വരുന്നത്.
ആരാണ് അനിത ആനന്ദ്? കനേഡിയൻ രാഷ്ട്രീയത്തിൽ എന്താണ് അവരുടെ പങ്ക്?
നിലവില്‍ കാനഡയുടെ ഗതാഗത മന്ത്രിയും അഭിഭാഷകയുമാണ് 57 കാരിയായ അനിത. 2019ല്‍ ആദ്യമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ ലിബറൽ പാര്‍ട്ടിയിലെ പ്രധാന വ്യക്തികളില്‍ ഒരാളായാണ് അനിത അറിയപ്പെടുന്നത്.
2019ല്‍ ഓക്ക്‌വില്ലയില്‍ നിന്നാണ് എംപിയായാണ് തെരഞ്ഞെടുക്കുന്നത്. പൊതുസേവനവുമായി ബന്ധപ്പെട്ട വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോള്‍ കോവിഡ് 19ന്റെ് വാക്സിനുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ കാനഡയിലേക്ക് എത്തിക്കുന്നതിലും രാജ്യത്തെ സുരക്ഷിതമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കുന്നതിലും അവര്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
കാനഡയുടെ ആഭ്യന്തര മന്ത്രിയായും അനിത തിളങ്ങിയിട്ടുണ്ട്. കനേഡിയന്‍ സായുധസേനയുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിലും യുക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ യുക്രെയ്‌ന്, കാനഡയുടെ പിന്തുണ ഉറപ്പാക്കുന്നതിലും അനിത പ്രധാന പങ്കുവഹിച്ചു. 2024ലാണ് ഗതാഗത മന്ത്രിയായി ചുമതലയേറ്റത്. ഗതാഗത മന്ത്രിയെന്ന നിലയില്‍ നഗരതിരക്ക് പോലുള്ള വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളില്‍ കണ്ടെത്താനും കാനഡയുടെ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും അവര്‍ക്ക് സാധിച്ചു. ഗതാഗത മന്ത്രി എന്ന നിലയിലുള്ള ചുമതലക്ക് പുറമേ, ട്രഷറി ബോര്‍ഡിന്റെ പ്രസിഡന്റായും അനിത പ്രവര്‍ത്തിച്ചിരുന്നു.
അതേസമയം ജസ്റ്റിൻ ട്രൂഡോയുടെ രാജിയോടെ, ലിബറൽ പാർട്ടിക്കുള്ളിലെ നേതൃമത്സരം ചൂടുപിടിക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഏറ്റവും യോഗ്യതയുള്ളതും കഴിവുള്ളതുമായ സ്ഥാനാർത്ഥികളിൽ ഒരാളായാണ് അനിതയെ കാണുന്നത്. കാനഡയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാൻ അനിതയ്ക്കാകുമെന്ന് വിശ്വസിക്കുന്നവർ പാർട്ടിക്കകത്തും പുറത്തുമുണ്ട്. പൊതുജനാരോഗ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയതിൽ ശ്രദ്ധ ചെലുത്തുന്ന അവർ ലിംഗസമത്വം, വൈവിധ്യം, എൽജിബിടിക്യു+ അവകാശങ്ങൾ എന്നിവയുടെ വക്താവായും അറിയപ്പെടുന്നു.
ക്വീന്‍സ് സര്‍വകലാശാലയില്‍നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിഎ, ഓക്‌സ്ഫര്‍ഡ് സര്‍വകലാശലയില്‍ നിന്ന് നിയമതത്വശാസ്ത്രത്തിലും ഡല്‍ഹൗസി സര്‍വകലാശാലയില്‍നിന്ന് നിയമ പഠനത്തിലും ബിരുദം നേടി. തുടര്‍ന്ന് ടൊറന്റോ സര്‍വകാശാലയില്‍നിന്ന് നിയമത്തില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.
നോവസ്‌കോട്ടിയയിലെ കെന്റ് വില്ലയില്‍ ജനിച്ച അനിത ആനന്ദിന്റെ അമ്മ സരോജ് ഡി റാം പഞ്ചാബ് സ്വദേശിയും അച്ഛന്‍ എസ്.വി (ആന്‍ഡെ) തമിഴ്‌നാട് സ്വദേശിയുമാണ്. രണ്ടുപേരും ഡോക്ടര്‍മാരാണ്.അനിത ആനന്ദിനെ കൂടാതെ ഗീത ആനന്ദ്, സോണിയ ആനന്ദ് എന്നീ രണ്ട് സഹോദരികളുമുണ്ട്. ഭർത്താവ് ജോൺ കനൗൽടോൺ കാനഡയിൽ അഭിഭാഷകനാണ്. നാല് മക്കളുണ്ട്.
അനിതയെ കൂടാതെ മുന്‍ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഗവര്‍ണറായിരുന്ന മാര്‍ക് കാര്‍ണി, ധനമന്ത്രി ഡൊമനിക് ഡി ബ്ലാങ്ക്, വിദേശകാര്യ മന്ത്രി മെലാനി ജോളി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.