Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടി നിര്‍ത്തലിനും തടവുകാരുടെ കൈമാറ്റ ചര്‍ച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.
തന്റെ സ്ഥാനാരോഹണത്തിന് മുമ്പ് മുഴുവന്‍ ഇസ്രായേല്‍ ബന്ധികളേയും വിട്ടയക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'ഞാൻ ഓഫീസിൽ എത്തുമ്പോഴേക്കും അവർ തിരിച്ചെത്തിയില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും പൊട്ടിപ്പുറപ്പെടും. അത് ഹമാസിന് നല്ലതല്ല, അത് ആർക്കും നല്ലതല്ല. എല്ലാ നരകവും പൊട്ടിത്തെറിക്കും. ഞാൻ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്നില്ല. 2023 ഒക്‌ടോബർ 7ലെ ആക്രമണം ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു'-ട്രംപ് പറഞ്ഞു.
2023 ഒക്‌ടോബർ 7ന് പിടികൂടിയ ചില അമേരിക്കക്കാർ ഉൾപ്പെടെയുള്ള നൂറോളം ആളുകൾ ഗസ്സയിൽ ബന്ദികളാക്കപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാനുള്ള ചർച്ചകൾക്കായി പ്രസിഡൻ്റ് ബൈഡനും അദ്ദേഹത്തിൻ്റെ ഉന്നത ദേശീയ സുരക്ഷാ സഹായികളും മാസങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ ഇന്നലെ ഇസ്രായേല്‍ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 45,885 ഫലസ്തീനികള്‍ക്കാണ് ഇസ്രായേല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.