ബ്രിക്സിൽ ഇനി മുതൽ ഇൻഡോനേഷ്യയും; സ്ഥിരീകരിച്ച് ബ്രസീൽ
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇൻഡോനേഷ്യ
റിയോ ഡി ജനീറോ: ബ്രിക്സിൽ പൂർണ അംഗത്വം സ്വീകരിച്ച് ഇൻഡോനേഷ്യ. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന ബ്രസീലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം വാർത്തയെ സ്വാഗതം ചെയ്തു. മറ്റു വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള മാർഗമായി അംഗത്വത്തെ ഇൻഡോനേഷ്യ വിശേഷിപ്പിച്ചു.
ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി 2009ലാണ് ബ്രിക് രൂപീകൃതമായത്. പിന്നീട് ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെയാണ് ബ്രിക്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിലേക്കാണ് ഇപ്പോൾ ഇൻഡോനേഷ്യയും എത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമാണ് ഇൻഡോനേഷ്യ.
2023ൽ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇൻഡോനേഷ്യയുടെ അംഗത്വത്തിന് മറ്റ് അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകിയിരുന്നു. എന്നാൽ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന് ഇൻഡോനേഷ്യ അറിയിക്കുകയായിരുന്നു. തുടർന്ന് ഒക്ടോബറിൽ പ്രബോവോ സുബിയാന്റോ പ്രസിഡന്റായി അധികാരമേറ്റു. ബ്രിക്സ് സമീപ വർഷങ്ങളിൽ തങ്ങളുടെ അംഗത്വം വിപുലീകരിക്കുകയാണ്. ഇൻഡോനേഷ്യയോടൊപ്പം ഈജിപ്ത്, എത്യോപിയ, ഇറാൻ, യുഎഇ, തുടങ്ങിയ രാജ്യങ്ങളും ബ്രിക്സിൽ ഉൾപ്പെടുന്നുണ്ട്.