ഫേസ്ബുക്കും ട്വിറ്ററും അക്കൗണ്ട് തുറന്നുകൊടുത്തില്ല; പുതിയ 'സമൂഹമാധ്യമം' സ്വന്തമായങ്ങ് തുടങ്ങി ഡൊണാള്‍ഡ് ട്രംപ്
പഴയ വേഡ്പ്രസ് ബ്ലോഗില്‍ തന്നെയാണ് ട്രംപിന്‍റെ പുതിയ പരീക്ഷണം
ഫേസ്ബുക്കിലും ട്വിറ്ററിലും വിലക്ക് തുടരുന്നതിനിടെ പുതിയ 'സമൂഹമാധ്യമ' പ്ലാറ്റ്‌ഫോമിന് തുടക്കമിട്ട് യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പഴയ വേഡ്പ്രസ് ബ്ലോഗ് തന്നെയാണ് പുതിയ ആശയവിനിമയ മാർഗമായി ട്രംപ് അവതരിപ്പിച്ചിരിക്കുന്നത്. അനുയായികൾക്ക് ഏറ്റവും പുതിയ വിവരങ്ങളും സന്ദേശങ്ങളും കൈമാറാനായാണ് ഇത്തരമൊരു സംവിധാനത്തിന് ട്രംപ് തുടക്കം കുറിച്ചിരിക്കുന്നത്.
പുതിയ പ്ലാറ്റ്‌ഫോം പരിചയപ്പെടുത്തിക്കൊണ്ടുള്ള വിഡിയോ പോസ്റ്റാണ് ബ്ലോഗിൽ ഏറ്റവും പുതിയതായി പങ്കുവച്ചിട്ടുള്ളത്. 'ഡൊണാൾഡ് ട്രംപിന്റെ ഡെസ്‌കിൽനിന്ന്, സ്വതന്ത്രമായും സുരക്ഷിതമായും സംസാരിക്കാനുള്ള ഒരു ഇടം' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ട്വിറ്ററിന്റെ രൂപത്തിലാണ് പുതിയ 'സമൂഹമാധ്യമ'മെങ്കിലും ട്രംപിന്റെ നിലവിലുള്ള www.donaldjtrump.com എന്ന വെബ്‌സൈറ്റിന്റെ ഭാഗമായി തന്നെ ഒരു മൈക്രോബ്ലോഗിങ് സംവിധാനം ഒരുക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.
'സമൂഹമാധ്യമ'മാണെങ്കിലും കമന്റ് ചെയ്യാനോ ഷെയർ ചെയ്യാനോ ഒന്നുമുള്ള സൗകര്യമില്ല. സൈൻ ചെയ്താൽ ഇ-മെയിൽ, ഫോൺ മുഖേന പുതിയ പോസ്റ്റുകളെ കുറിച്ചുള്ള സന്ദേശം ലഭിക്കും. ട്രംപിന്റെ മുൻ കാംപയിൻ മാനേജർ ബ്രാഡ് പാഴ്‌സ്‌കേൽ സ്ഥാപിച്ച ഡിജിറ്റൽ സേവനങ്ങൾക്കായുള്ള കമ്പനിയായ 'കാംപയിൻ നൂക്ലിയസ് ' ആണ് ട്രംപിന് പുതിയ സമൂഹമാധ്യമം തയാറാക്കിയത്.
പ്രസിഡന്റ് ഫലപ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ജനുവരി ആറിനു നടന്ന ക്യാപിറ്റോൾ ആക്രമണത്തിനു പിറകെയാണ് സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ പൂട്ടുന്നത്. വിലക്ക് സമൂഹമാധ്യമങ്ങൾ പുനപരിശോധിക്കാനിരിക്കെയാണ് ട്രംപിന്റെ പുതിയ നീക്കം.